പ്രസവചികിത്സയ്ക്ക് ഡോക്ടര്‍മാരില്ല
കൊട്ടാകരക്കര: പ്രസവ ചികിത്സയ്ക്ക് മതിയായ ഡോക്ടര്‍മാരില്ലാതെ കൊട്ടാരക്കര താലൂക്കാശുപത്രി. നാട്ടുകാരായ രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
പേരിനൊരു ഡോക്ടര്‍ മാത്രമാണ് പ്രസവചികിത്സയ്ക്ക് ഇവിടെയുള്ളത്. കഴിഞ്ഞ 14ന് പ്രസവചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും ഇവിടെ മരിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന പ്രസവവാര്‍ഡും പ്രസവചികിത്സാ വിഭാഗവും കഴിഞ്ഞയാഴ്ചയാണ് തുറന്നത്. മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ഡോക്ടര്‍ സംഭവമുണ്ടായ ദിവസം മുതല്‍ ലീവില്‍ പോയിരുന്നു. പിന്നെയുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ സ്ഥലം മാറിപ്പോയെന്നാണ് രോഗികള്‍ക്കു ലഭിച്ച വിവരം. നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.
ദിവസം ഇരുപതിലധികം പേര് പ്രസവചികിത്സയ്ക്കും നൂറോളം സ്ത്രീകള്‍ മറ്റു ചികിത്സയ്ക്കും ആശ്രയിക്കുന്ന പ്രസവചികിത്സാ വിഭാഗമാണ് ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്നത്. മൂന്ന് മാസം മുന്‍പ് പ്രമോഷന് ട്രാന്‍സ്ഫര്‍ ലഭിച്ച മറ്റൊരു ഡോക്ടര്‍ ഈ മാസം 14 വരേയും രോഗികളെ ചികിത്സിച്ചിരുന്നു. സ്ഥലം മാറുന്നുവെന്ന വിവരം രോഗികളെ അറിയിക്കാതെയാണ് ഇവര്‍ പോയത്. ലീവെടുത്ത ഡോക്ടറുടേയും ട്രാന്‍സ്ഫറായി പോയ ഡോക്ടറുടെയും എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഡോക്ടര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്.
ഇതോടെ സമീപത്തെ സ്വകാര്യ ആശുപത്രികളെയും കൊല്ലം ജില്ലാ ആശുപത്രിയേയും പുനലൂര്‍ താലൂക്ക് ആശുപത്രിയേയും ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."