കേരള കോണ്‍ഗ്രസ് (എം) ഹൈറേഞ്ച് സംരക്ഷണ ഉപവാസം തുടങ്ങി
കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മാര്‍ച്ച് നാലിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇതിനായി കേരള സര്‍ക്കാരും എം.പിമാരും ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ച് മലയോര മേഖലയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ. എം. മാണി ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ തുടങ്ങിയ 24 മണിക്കൂര്‍ ഹൈറേഞ്ച് സംരക്ഷണ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയും തോട്ടം മേഖലയും ജനവാസ കേന്ദ്രങ്ങളും പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് മാത്രമേ പശ്ചിമഘട്ട സംരക്ഷണം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കാവൂ എന്ന നിലപാടാണ് പാര്‍ട്ടി ആദ്യഘട്ടം മുതലെ സ്വീകരിച്ചിരുന്നത്. ഇതില്‍ നിന്നും മാറ്റമില്ലെന്നും കര്‍ഷകര്‍ക്ക് അനുകൂലമായ അന്തിമ വിജ്ഞാപനം ഇറങ്ങുന്നത് വരെ പാര്‍ട്ടി മലയോര ജനതയോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എം.പി, റോഷി അഗസ്റ്റിന്‍ എം. എല്‍. എ, പ്രഫ. എം.ജെ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 250-ല്‍ അധികം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് ഇന്ന് അഞ്ച് മണിവരെ ഉപവാസ സമരത്തിനിരിക്കുന്നത്. സമാപന സമ്മേളനം ഇന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും.
ജോസ് കെ. മാണി എം.പി, ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ അലക്‌സ് കോഴിമല, തോമസ് ജോസഫ് എക്‌സ് എം.എല്‍.എ, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ജോസ് പാലത്തിനാല്‍, രാരിച്ചന്‍ നീറണാകുന്നേല്‍, തോമസ് പെരുമന, അഡ്വ. ജോസഫ് ജോണ്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജിമോന്‍ മഞ്ഞക്കടമ്പില്‍, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എ.ഒ അഗസ്റ്റ്യന്‍, സാബു പരപരാകത്ത്, അഡ്വ. ജോസി ജേക്കബ്, ജോസഫ് വടക്കേല്‍, ജില്ലാ ഭാരവാഹികളായ ജോയി കൊച്ചുകരോട്ട്, എം. എം. മാത്യു, മനോജ് എം. , ജിന്‍സണ്‍ വര്‍ക്കി, ജോമറ്റ് എബ്രഹാം, ഷൈനി സജി, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."