കാഞ്ഞിരപ്പുഴ ഡാം കനാല്‍ബണ്ട് തകര്‍ന്നു: കുടിവെള്ള പമ്പ് ഹൗസിന് ഭാഗിക തകര്‍ച്ച
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വലതുകനാല്‍ ബണ്ട് തകര്‍ന്നു. ഇന്നലെ ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് സംഭവം. ആളപായമില്ല. കനാലിലേക്ക് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കാണ് ബണ്ടിന്റെ അടിഭാഗം തള്ളി കനാല്‍ ഭിത്തി തകര്‍ന്നത്. ശക്തമായ വെള്ളപ്പാച്ചിലില്‍ തച്ചമ്പാറ, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ എന്നീ മൂന്ന് പഞ്ചായത്തുകളിലേക്കുളള സമ്പൂര്‍ണ കുടിവെളള പദ്ധതിയുടെ പമ്പ് ഹൗസ് തകര്‍ന്നു. ഇതുമൂലം എത്ര ദിവസം കഴിഞ്ഞ് കുടിവെളള വിതരണം സാധാരണ നിലയിലാവുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ബണ്ട് പൊട്ടി വെള്ളപ്പാച്ചില്‍ നടന്നിട്ടും മൂക്കിന് താഴെയുളള ജലവിഭവ വകുപ്പിന്റെ ജീവനക്കാര്‍ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് സംഭവ സ്ഥലത്തെത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി സ്ഥലത്തെത്തി. കനാലില്‍ അടുത്തിടെ നടന്ന നവീകരണ പ്രവര്‍ത്തിയില്‍ വന്‍ക്രമക്കേട് നടന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മേഖലയിലെ കാര്‍ഷികാഭിവൃതി മുന്‍ നിര്‍ത്തിയാണ് കാഞ്ഞിരപ്പുഴ ഡാം നിര്‍മിച്ചത്. എന്നാല്‍ കാലാകാലങ്ങളായി ഡാമിന്റെയും കനാലിന്റെയും അറ്റകുറ്റപണി കാര്യക്ഷമമായി നടക്കാറില്ല. ഇതുകാരണം കനാലുകളിലൂടെയുളള ജലവിതരണം പലപ്പോഴും ഉദ്ദേശിച്ച ഫലം കാണാറില്ല.
കാഞ്ഞിരപ്പുഴയില്‍ നിന്ന് തുടങ്ങി മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ നിരവധി പ്രദേശങ്ങളിലേക്ക് ഇരു കനാലുകളിലൂടെയായാണ് ജല വിതരണം നടത്തുന്നത്. പേരിനു മാത്രം അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മൂലം വേനല്‍ കാലത്ത് വേണ്ടത്ര ദൂരത്തേക്ക് ജലമെത്തുന്നില്ലെന്ന പരാതിയും കാലങ്ങളായുണ്ട്. ഇത് പലപ്പോഴു മേഖലയിലെ കര്‍ഷകരുടെ വന്‍ പ്രതിഷേധത്തിന് കാരണമാവാറുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഡാം ബലപ്പെടുത്തുന്നതിനും മറ്റുമായി 18 കോടി വകയിരുത്തുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തുവരുന്നതിനിടെയാണ് ബണ്ട് തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."