ഓക്കാനം
ഓക്കാനം എന്ന വാക്ക് മനംപിരട്ടല്‍ എന്ന അര്‍ത്ഥത്തിലാണ് നാം ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍ ഫെയ്‌സ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളില്‍ 'ഓക്കാനം' എന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിനെ സൂചിപ്പിക്കുവാനാണ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
അദ്ദേഹത്തിന്റെ പ്രസ്താവനകളും നടപടികളും 'ഓക്കാനം' ഉണ്ടാക്കുന്നവിധം അസംബന്ധവും യുക്തിരഹിതവും ആണെന്നു തോന്നലുള്ളവരായിരിക്കാം ആ രാഷ്ട്രീയ നേതാവിനെ സൂചിപ്പിക്കുവാന്‍ നവ മാധ്യമങ്ങളില്‍ 'ഓക്കാനം' എന്ന വാക്ക് ഉപയോഗിച്ചുവരുന്നതെന്നു കരുതാം. എന്തായാലും ഇപ്പറഞ്ഞ രാഷ്ട്രീയ നേതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും എഴുതുക എന്നതാണ് ഉദ്ദേശ്യം എന്നതുകൊണ്ടല്ല ഈ ലേഖനത്തിന് 'ഓക്കാനം' എന്ന തലക്കെട്ട് നല്‍കുന്നതെന്നു ആദ്യമേ വ്യക്തമാക്കട്ടെ.
ഓക്കാനം ഉണ്ടാക്കുന്നത് ഇത്തരം നേതാക്കളല്ല. മറിച്ച്, കേരളത്തിലെ വാര്‍ത്താ ചാനലുകളിലെ ചടങ്ങ് അന്തിചര്‍ച്ചകളും അതിലെ നിരുത്തരവാദിത്തപരവും അസംബന്ധജടിലവുമായ ചര്‍ച്ചാ പ്രമേയങ്ങളുമാണ്! ഇതേപ്പറ്റി എഴുതുവാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അന്റോയിന്‍ റോക്ക്വന്റിന്‍ എന്നത് ജീന്‍പോള്‍ സാര്‍ത്രേയുടെ വിശ്വപ്രസിദ്ധമായ 'നോസിയ' എന്ന നോവലിലെ നായകകഥാപാത്രമാണ്! നോസിയ എന്ന വാക്കിന് അര്‍ത്ഥം ഓക്കാനം എന്നാണ്. യുക്തിരഹിതമായ, ഉപരിപ്ലവമായ, അസംബന്ധദുരിതമായ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ് ഓക്കാനം! അതിനാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ 'ഓക്കാനം' ഉണ്ടാവുന്നത് ചാനല്‍ ചര്‍ച്ചകള്‍ കാണുമ്പോഴാണ്.
ഒരു പുസ്തകം എഴുതേണ്ടി വരുന്നത്ര വിഭവങ്ങള്‍ ചാനല്‍ ചടങ്ങു ചര്‍ച്ചകള്‍ ഉല്‍പാദിപ്പിക്കുന്ന ഓക്കാനകരമായ അനുഭവങ്ങളെപ്പറ്റിയുണ്ട്. ഒരു ലേഖനത്തിന്റെ പരിമിതിയില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കാം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യാ മഹാരാജ്യത്തുണ്ടായ അങ്ങേയറ്റം നടുക്കമുണ്ടാക്കുന്ന വലിയൊരു സംഭവമായിരുന്നു.
വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറലായ ഡോ. പ്രവീണ്‍ഭായി തൊഗാഡിയയുടെ വാര്‍ത്താസമ്മേളനവും തുറന്നു പറച്ചിലുകളും. ഗുജറാത്ത് കലാപകാലത്ത് കാവി കാപാലികരുടെ വടിവാളിനു മുന്നില്‍ 'എന്നെ കൊല്ലരുതേ' എന്ന കാതരഭാവത്തോടെ തൊഴുകൈയുമായി നിന്ന കുത്തബുദ്ദീന്‍ അന്‍സാരിയുടെ മുഖഭാവത്തോടെയാണ്, പ്രവീണ്‍ഭായി തൊഗാഡിയ 'താന്‍ വധിക്കപ്പെട്ടേക്കാം' എന്ന ആശങ്ക മാധ്യമങ്ങള്‍ക്കു മുമ്പാകെ ചകിതഭാവത്തില്‍ വിളിച്ചുപറഞ്ഞത്! പ്രവീണ്‍ തൊഗാഡിയയുടെ ആശങ്ക അടിസ്ഥാനരഹിതമല്ലെന്ന് സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രമോദ് മുത്തലിക്ക് എന്ന ശ്രീരാമസേനാ നേതാവും ഏറ്റുപറഞ്ഞു.
പക്ഷേ, പ്രവീണ്‍ തൊഗാഡിയയുടെ വാര്‍ത്താസമ്മേളനം ചര്‍ച്ച ചെയ്യുവാന്‍ ഇവിടെ ഒരു മുഖ്യധാരാ വാര്‍ത്താ ചാനലും തയാറായില്ല. ബിനീഷ് കോടിയേരിയുടെ ബിസിനസും, ഓഡി കാറും, ധനമിടപാടുകളിലെ ക്രമക്കേടും ഇതേപ്പറ്റി തിരുവനന്തപുരത്ത് ദുബായില്‍ നിന്നൊരു അറബി വന്നെത്തി നടത്താന്‍ പോകുന്ന വാര്‍ത്താസമ്മേളനവും ഒക്കെ ചര്‍ച്ച ചെയ്യാനും ചര്‍ച്ചിത ചര്‍വ്വണം നടത്താനും മൂന്നും നാലും ദിവസങ്ങള്‍ മത്സരബുദ്ധിയോടെ അമിത താല്‍പര്യം കാണിച്ച ചാനലുകളാണ് പ്രവീണ്‍ തൊഗാഡിയയുടെ വാര്‍ത്താസമ്മേളനം ഇവിടെ മുക്കിക്കളഞ്ഞത്! മാധ്യമപ്രവര്‍ത്തനം ഇങ്ങനെ 'മാമാ' പ്രവര്‍ത്തനമായി മാറുമ്പോള്‍ എങ്ങനെ ഓക്കാനം വരാതിരിക്കും? സീതാറാം യെച്ചൂരിയേക്കാള്‍ പ്രാധാന്യം പ്രവീണ്‍ തൊഗാഡിയക്ക് ഉണ്ടോ എന്നു ചോദിച്ചാല്‍ അതൊരുപക്ഷേ തര്‍ക്കവിഷയമാകാം.
പക്ഷേ ബിനീഷ് കോടിയേരിയേക്കാള്‍ പ്രാധാന്യം എന്തായാലും പ്രവീണ്‍ തൊഗാഡിയക്കുണ്ട്! ഇന്ത്യാ മഹാരാജ്യത്ത് നിലവില്‍ ലഭ്യമായേക്കാവുന്ന ഏറ്റവും വലിയ ഔദ്യോഗികമായ വ്യക്തിഗത സുരക്ഷയാണ് 'ഇസഡ് കാറ്റഗറി' സുരക്ഷ എന്നത്. അത് നമ്മുടെ രാജ്യം നല്‍കിവരുന്ന ഇരുപത്തഞ്ചില്‍പരം വ്യക്തികളില്‍ ഒരാളാണ് വിശ്വഹിന്ദുപരിഷത്തിന്റെ ഏറ്റവും താരമൂല്യമുള്ള തീവ്രവര്‍ഗീയ നേതാവായ പ്രവീണ്‍ തൊഗാഡിയ. ഇത്തരമൊരാളാണ് 'എന്റെ ജീവന്‍ അപകടത്തിലാണ്', ഡല്‍ഹിയിലെ ഏമാന്മാര്‍ എന്നെ കൊല്ലാന്‍ കല്‍പിച്ചിരിക്കുന്നു, എന്നെ കൊന്ന് വര്‍ഗീയകലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യം.' എന്നൊക്കെ വിളിച്ചു പറഞ്ഞത് ആര്‍.എസ്.എസിന്റെ ഒരു ശാഖാ സംഘടനയായ ബി.ജെ.പിയുടെ സര്‍ക്കാര്‍ കേന്ദ്രഭരണം കയ്യാളുമ്പോഴാണ് ആര്‍.എസ്.എസിന്റെ മറ്റൊരു ശാഖാ സംഘടനയായ വി.എച്ച്.പിയുടെ അന്തര്‍ദേശീയ നേതാവ് 'താന്‍ വധിക്കപ്പെട്ടേക്കാം' എന്നു ഭയചകിതനായി മാധ്യമങ്ങള്‍ക്കു മുമ്പാകെ പറഞ്ഞത്.
ഇസഡ് കാറ്റഗറി സുരക്ഷയില്‍ കഴിയുന്ന ഒരാളാണ് ഇങ്ങനെ പറഞ്ഞത് എന്നതു പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു. നമ്മുടെ സേനാംഗങ്ങളുടെ വിശ്വാസ്യതയെ തന്നെ സംശത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവനയാണ് പ്രവീണ്‍ തൊഗാഡിയ നടത്തിയത് എന്നിട്ടും സി.പി.ഐ നേതാക്കള്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിനെതിരെ നടത്തുന്ന വാഗ്‌ധോരണികള്‍ക്ക് കല്‍പിക്കുന്ന വില പോലും പ്രവീണ്‍ തൊഗാഡിയയുടെ തുറന്നു പറച്ചിലുകള്‍ക്ക് നമ്മുടെ ദേശീയ-പ്രാദേശിക മുഖ്യധാരാ ചാനലുകള്‍ നല്‍കിയില്ല എന്നതു ചാനലുകളുടെ സാമൂഹിക പ്രതിബദ്ധത കൊട്ടിഗ്‌ഘോഷിക്കുന്നവിധം ആദര്‍ശാത്മകമല്ലെന്നു മാത്രമാണ് തെളിയിക്കുന്നത്.
പ്രവീണ്‍ തൊഗാഡിയയുടെ വാര്‍ത്താസമ്മേളനം മുഖ്യധാരാ വാര്‍ത്താ ചാനലുകള്‍ മുക്കിയത് അമിത്ഷാ നയിക്കുന്ന ബി.ജെ.പിയുടെ അധികാരത്തെ ഭയന്നിട്ടാണോ അതോ അമിത്ഷായുടെ പണപ്പെട്ടികളില്‍ മാധ്യമധര്‍മ്മം പണയപ്പെട്ടതിനാലാണോ? ഈ ചോദ്യത്തിനാണ് മുഖ്യധാരാ ചാനലുകള്‍ പൊതുജനങ്ങളോടു മറുപടി പറയേണ്ടത്.
കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒരു കണ്ണട വാങ്ങിച്ച് ഒരു ജനപ്രതിനിധിക്ക് അവകാശപ്പെട്ട നിയമപരമായ സാധ്യതകളിലൂടെ ആ കണ്ണട തുക എഴുതി എടുത്തതിനെപ്പറ്റി അഭിപ്രായം ചോദിച്ച കുമ്മനം രാജശേഖരന്റെയും കാനം രാജേന്ദ്രന്റെയും അടുത്തേക്കെല്ലാം മൈക്കും കാമറയുമായി ഓടിച്ചെല്ലാന്‍ കാണിച്ച അദ്ദേഹത്തിന്റെ പത്തു ശതമാനം ആവേശം പോലും പ്രവീണ്‍ തൊഗാഡിയയുടെ പത്രസമ്മേളനത്തെപ്പറ്റി അഭിപ്രായം ചോദിച്ച കുമ്മനം രാജശേഖരന്റെ മുഖത്തു മൈക്കുരസ്സുവാന്‍ ഇവിട ഒരു ചാനലും കാണിച്ചിട്ടില്ല.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വിശ്വഹിന്ദു പരിഷത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി കുമ്മനം രാജശേഖരന്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കുമ്മനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു പ്രവീണ്‍ തൊഗാഡിയ. തന്റെ മുന്‍കാല നേതാവ് തനിക്കു വധഭീഷണിയുണ്ടെന്നു ഉറക്കെ പറയുന്നതു കേട്ടിട്ടും ഒരു 'ഞടുക്കം' പോലും പ്രകടിപ്പിക്കുവാന്‍ കുമ്മനവും തയാറായില്ല. പഴയ നേതാവായ പ്രവീണ്‍ തൊഗാഡിയയുടെ ആശങ്കയില്‍ 'ഞടുങ്ങിയാല്‍' പുതിയ നേതാവായ 'അമിത്ഷാ' ഞെട്ടറുക്കും എന്ന ഭീതി കുമ്മനത്തെയും അലട്ടുന്നുണ്ടാവാം! പണത്തിനും അധികാരത്തിനും പേടിച്ചു വഴങ്ങിനിന്നു ചര്‍ച്ച ചെയ്യേണ്ടതു ചര്‍ച്ച ചെയ്യാതെ മാധ്യമ ധര്‍മ്മാദര്‍ശം പുലമ്പുന്ന ചാനല്‍ ചര്‍ച്ചകളെന്ന പൊറാട്ടുനാടകം കാണുമ്പോള്‍ ചിരിയോ കരച്ചിലോ അല്ല 'ഓക്കാന'മാണു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."