തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ ഇടക്കാല വികസന റിപ്പോര്‍ട്ട് പരിഗണിച്ചില്ല
തിരുവനന്തപുരം: പുതിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാകും വരെ നഗരത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി നഗരസഭ തയാറാക്കിയ ഇടക്കാല വികസന റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗം പരിഗണിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് എല്ലാവരുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് കൗണ്‍സില്‍ പരിഗണനക്ക് വെക്കാമെന്ന ഏകകണ്‌ഠേനയുള്ള അഭിപ്രായം മാനിച്ച് റിപ്പോര്‍ട്ട് മാറ്റിവയ്ക്കുന്നുവെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു.
നഗരസഭ നേരത്തെതയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. എന്നാലിത് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നഗരത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ വീട് നിര്‍മാണമുള്‍പ്പെടെയുള്ളവക്ക് പോലും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനും അത് പ്രാബല്യത്തിലാകും വരെ ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കാനും നഗരസഭ തീരുമാനിച്ചത്.
സുപ്രധാന വിഷയമായതിനാല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കാണാതായെന്ന് ആരോപണത്തെച്ചൊല്ലി യോഗത്തില്‍ തര്‍ക്കവും നടന്നു. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ബി.ജെ.പി അംഗങ്ങളുടെ ആവശ്യം യോഗം കലുഷിതമാക്കി. വാഹനങ്ങള്‍ കാണാതെ പോയതല്ലെന്നും കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കിയതാണെന്നും ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍ അറിയിച്ചു.
നിരവധി ആധുനിക സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന നഗരത്തിലെ എസ് എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലെ ടിക്കറ്റ് നിരക്ക് പുനക്രമീകരിക്കുന്നതിന് അനുവാദം നല്‍കുന്നതിന് ഫിനാന്‍സ് കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുത്താനായി മാറ്റിവെച്ചു. ആധുനിക സൗകര്യങ്ങള്‍ പലതും ഉണ്ടെങ്കിലും മതിയായ പാര്‍ക്കിങ് സൗകര്യം, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മ എന്നിവ തിയേറ്ററിനുണ്ടെന്നും ഇവ പരിഹരിച്ചശേഷം മാത്രം നിരക്ക് വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കിയാല്‍ മതിയെന്നും ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ അടക്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
2016-17 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകാത്തത് സംബന്ധിച്ച് കൗണ്‍സിലില്‍ ആരോപണമുയര്‍ന്നു. പല പദ്ധതികളും ടെന്‍ഡര്‍ നടപടികള്‍പോലും ആരംഭിച്ചിട്ടില്ല. മാര്‍ച്ച് 31ന് മുമ്പ് പണിപൂര്‍ത്തീകരിക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലക്ക് മുന്നോടിയായുള്ള പൊതുമരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇനി 18 ദിവസം മാത്രം അവശേഷിക്കേ പലയിടങ്ങളിലും പണി ആരംഭിക്കുകയോ, ആരംഭിച്ചവ മുന്നോട്ട് നീങ്ങുകയോ ചെയ്തിട്ടില്ല.
820 പൊതുമരാമത്ത് പണികള്‍ക്കാണ് ഡിപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുകയും 88 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട്. ടെന്‍ഡര്‍ ഓപ്പണിങില്‍ ലഭിച്ചിട്ടുള്ള 32 പദ്ധതികളുടേയും 79 മരാമത്ത് പണികളുടേയും ടെന്‍ഡര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജനുവരിയില്‍ 201 ടെന്‍ഡറുകള്‍ തുറന്ന് പരിശോധിച്ചതില്‍ 124 ടെന്‍ഡറുകളും ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് പണികള്‍ ഒന്നും ഫണ്ട് നഷ്ടപ്പെടുത്താതെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് പൊങ്കാലക്ക് മുന്നോടിയായുള്ള പ്രവൃത്തികള്‍ നഗരസഭ നടത്തുന്നത്.
35 ലക്ഷം രൂപ കെഎസ്ഇബി മെയിന്റനന്‍സിനായി ഡെപ്പോസിറ്റ് ചെയ്തുകഴിഞ്ഞു. വാഹനം, ആരോഗ്യം തുടങ്ങി മറ്റ് വിഭാഗങ്ങളിലേക്കാവശ്യമായ നടപടികളും 2000 തൊഴിലാളികളെ വിന്യസിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ച് കഴിഞ്ഞു. വരള്‍ച്ചയെ തുടര്‍ന്ന് നഗരം നേരിടുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി നഗരസഭാ അധികൃതര്‍ അടയന്തിരയോഗം ചേര്‍ന്ന് പരിഹാരം കണ്ടെത്താനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."