മോദി കെയറിനുവേണ്ടി വിവിധ ആരോഗ്യ പദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മോദി കെയര്‍ രാജ്യത്തിന് വലിയ ബാധ്യതയാകുമെന്ന ആശങ്കയ്ക്കു പിന്നാലെ വിവിധ ആരോഗ്യ പദ്ധതികള്‍ക്ക് വകയിരുത്തിയ തുകയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തി.
ആരോഗ്യമേഖലക്ക് മാറ്റി വച്ച തുകയില്‍ വര്‍ധനയുണ്ടായത് നിലവിലെ പ്രധാന പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ചാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-18ല്‍ ആരോഗ്യമേഖലക്ക് വകയിരുത്തിയത് 53, 198 കോടി രൂപയാണ്.
2018-19ല്‍ 2.8 ശതമാനത്തിന്റെ വര്‍ധനയിലൂടെ നീക്കിവച്ചത് 54,667 കോടി രൂപയാണ്. അതേസമയം ദേശീയ ആരോഗ്യ മിഷനുവേണ്ടി വകയിരുത്തിയ തുക 31,292 കോടിയില്‍ നിന്ന് 30,634 കോടിയായി കുറച്ചു. എയ്ഡ്‌സ് നിനിയന്ത്രണ പദ്ധതി വിഹിതം 2,163 കോടിയില്‍ നിന്ന് 2,100 കോടിയായി കുറച്ചു. മെഡിക്കല്‍ കോളജുകള്‍ നിര്‍മിക്കുന്നതിനുള്ള വിഹിതത്തില്‍ 12.5 ശതമാനമാണ് കുറവുവരുത്തിയത്. കഴിഞ്ഞ വര്‍ഷം 3,300 കോടിയുണ്ടായിരുന്നത് ഇത്തവണ 2,888 കോടിയായി.
ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയെന്ന് വിശേഷിപ്പിച്ച് അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി(മോദി കെയര്‍)യില്‍ 50 കോടി കുടുംബങ്ങളെ അംഗങ്ങളാക്കിയുള്ളതാണ്. ഗുണഭോക്താക്കള്‍ക്ക് പ്രീമിയം അടക്കേണ്ടതില്ലന്നും പദ്ധതിയുടെ പ്രത്യേകതയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
രാജ്യത്ത് 1.5 ലക്ഷം ഹെല്‍ത്ത് ആന്റ് വെന്‍നസ് സെന്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ഇതിനുള്ള 1200 കോടി രൂപ ദേശീയ ആരോഗ്യ മിഷനില്‍ നിന്ന് വകമാറ്റുകയും ചെയ്തു.
ഇതോടെ ദേശീയ ആരോഗ്യ മിഷന്റെ വിഹിതത്തില്‍ ആറു ശതമാനമാണ് കുറവുണ്ടായത്. ഇത് രാജ്യത്തിന്റെ ആരോഗ്യ രംഗത്തിന് ഗുണകരമാകില്ലെന്ന് വിലയിരുത്തപ്പെടുന്നു.
ഇപ്പോള്‍ വകയിരുത്തിയ തുക 10,000 വെല്‍നെസ് സെന്ററുകള്‍ക്കുള്ള പണമേ ആകുന്നുള്ളൂ എന്നാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റംസ് ഡീന്‍ ഡോ. ടി. സുന്ദര രാമന്‍ പറയുന്നത്.
ദേശീയ ഡയാലിസിസ് പദ്ധതിക്കായി എല്ലാ ജില്ലാ ആശുപത്രികളിലും കേന്ദ്രങ്ങള്‍ ഉറപ്പാക്കുമെന്നും 2,000 സെന്ററുകള്‍ പുതുതായി തുറക്കുമെന്നും ധനകാര്യ മന്ത്രി ബജറ്റില്‍ പറഞ്ഞിരുന്നു.
24 പുതിയ മെഡിക്കല്‍ കോളജുകളും ജില്ലാ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.5 ശതമാനം കുറച്ചാണ് തുക വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."