ഡ്രൈവിങ് ടെസ്റ്റ് ഇനി എളുപ്പമാവില്ല; പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഡ്രൈവിങ് പ്രായോഗിക പരീക്ഷയില്‍ 'എച്ച്' എടുക്കാന്‍ സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്നു രണ്ടരയടിയായി കുറച്ചു. എച്ചിനുശേഷം റോഡ്പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിര്‍ബന്ധമില്ലായിരുന്നു.
ഉദ്യോഗസ്ഥന്റെ താല്‍പര്യമനുസരിച്ചു നിരപ്പായ പ്രദേശത്തു വാഹനം ഓടിച്ചു കാണിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ പുതിയ നിബന്ധനയനുസരിച്ചു കയറ്റത്തു വാഹനം നിര്‍ത്തിയതിനുശേഷം മുന്നോട്ട് ഓടിച്ചുകാണിക്കണം.
നിരപ്പായ സ്ഥലത്തും വാഹനം ഓടിക്കണം. വാഹനം പിന്നോട്ട് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവിനും വിരാമമായി. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ ഡോറിന് വെളിയിലേക്കു നോക്കാനോ പാടില്ല. വശങ്ങളിലേയും അകത്തേയും കണ്ണാടി നോക്കി റിവേഴ്‌സ് എടുത്തു കാണിക്കണം. പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമായി രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിങ് ചെയ്യാനാകുമോയെന്നും പരീക്ഷിക്കും.
കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ അടയാളങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. സാധാരണ ടെസ്റ്റ് കേന്ദ്രങ്ങളിലെ അടയാളങ്ങളുടെ ഉയരവും കംപ്യൂട്ടറൈസ്ഡ് കേന്ദ്രങ്ങളിലുടെ അടയാളങ്ങളുടെ ഉയരവും സമമാക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."