അനൂപ് ജേക്കബിനെതിരായ ഹരജി പൂഴ്ത്തിയെന്ന ആരോപണം തെറ്റ്: വിജിലന്‍സ്
തിരുവനന്തപുരം: മുന്‍ ഭക്ഷ്യവകുപ്പു മന്ത്രി അനൂപ് ജേക്കബും കുടുംബവും അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന് ആരോപിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്റെഡ്ഡിക്കു നല്കിയ പരാതി പൂഴ്ത്തിയെന്ന ആരോപണം തെറ്റെന്ന് വിജിലന്‍സ്.
പരാതി ലഭിച്ച ഉടന്‍ അന്വേഷണത്തിനുള്ള നടപടി ആരംഭിച്ചുവെന്നും വിജിലന്‍സ് പ്രത്യേക കോടതിയില്‍ പറഞ്ഞു. എന്നാല്‍ അനൂപ് ജേക്കബിനെതിരേയുള്ള കേസ് ശങ്കര്‍റെഡ്ഡി അട്ടിമറിച്ചെന്ന് പരാതിക്കാരന് കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അനൂപ് ജേക്കബും കുടുംബവും എറണാകുളം കൂത്താട്ടുകുളം വില്ലേജില്‍ ഏക്കര്‍ കണക്കിനു ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടു പരാതി നല്‍കിയിരുന്നത്.
എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനോ സാക്ഷിവിസ്താരം നടത്താനോ വിജിലന്‍സ് തയാറാകാത്തതിനെ തുടര്‍ന്ന് ശങ്കര്റെഡ്ഡിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കേസ് മാര്‍ച്ച് 22നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."