ഹിന്ദു വിവാഹ നിയമ ബില്‍ പാകിസ്താന്‍ സെനറ്റ് അംഗീകരിച്ചു
ഇസ്‌ലാമാബാദ്: ഏറെ കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഹിന്ദു വിവാഹ നിയമ ബില്‍ പാകിസ്താന്‍ സെനറ്റ് ഐകകണ്‌ഠ്യേന പാസാക്കി.
പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ ഭൂരിഭാഗവും പിന്തുണയ്ക്കുന്ന ബില്ലാണിത്. ഹിന്ദുക്കളുടെ വിവാഹം, രജിസ്‌ട്രേഷന്‍, വിവാഹ മോചനം, പുനര്‍വിവാഹം, വിവാഹം കഴിക്കാനുള്ള പ്രായപരിധി 18 വയസാക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍. ഇതോടൊപ്പം ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ കഴിഞ്ഞതാണെന്നുള്ള രേഖകള്‍ ലഭിക്കുക എളുപ്പമാവും.
പാകിസ്താനില്‍ ഹിന്ദുക്കളുടെ ആദ്യത്തെ വ്യക്തിനിയമമാണ് ഇത്. ബില്‍ നേരത്തെ നാഷനല്‍ അസംബ്ലി പാസാക്കിയതാണ്. ബില്‍ നിയമമാകണമെങ്കില്‍ ഇനി പ്രസിഡന്റിന്റെ ഒപ്പ് മാത്രം മതി. രാജ്യത്തെ മൂന്നു പ്രധാന പ്രവിശ്യകളായ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലകളിലാണ് നിയമം നിലവില്‍ വരിക. സിന്ധ് പ്രവിശ്യ നേരത്തെ തന്നെ സ്വന്തമായി ഹിന്ദു വിവാഹ നിയമബില്‍ പാസാക്കിയിട്ടുണ്ട്.
നിയമ മന്ത്രി സാഹിദ് ഹമീദാണ് ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ സഭയില്‍ ആരും എതിര്‍ത്തില്ല. പാകിസ്താനില്‍ ഹിന്ദു വിഭാഗത്തിന്റെ ദുരിതങ്ങളെ സഭാംഗങ്ങള്‍ തന്നെ എടുത്തു പറയുന്ന സാഹചര്യത്തിലാണ് ബില്‍ എളുപ്പത്തില്‍ പാസായത്.
നേരത്തെ സെനറ്റിലെ മനുഷ്യാവകാശ കമ്മിറ്റി ജനുവരിയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു. രാജ്യത്തെ ഹിന്ദുക്കളുടെ അവകാശങ്ങള്‍ സാധ്യമാക്കുന്ന ബില്‍ പാസാക്കാന്‍ സാധിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത് അവസാനിപ്പിക്കാനാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്നും സെനറ്റര്‍ നസ്രീന്‍ ജലീല്‍ വ്യക്തമാക്കി.
അതേസമയം വിവാഹം റദ്ദുചെയ്യാമെന്ന ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നില്‍ പാര്‍ലമെന്റിലെ ഹിന്ദു അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ഭാര്യ-ഭര്‍ത്താക്കന്‍മാരില്‍ ഏതെങ്കിലുമൊരാള്‍ മതം മാറിയാല്‍ വിവാഹമോചനത്തിന് കോടതിയെ സമീപിക്കാന്‍ ഇരുകൂട്ടര്‍ക്കും അവകാശമുണ്ടെന്നാണ് ഈ നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."