മാറ്റിക്കരുത്; മാറാന്‍ സഹായിക്കുക
കൃത്യം ഏഴു മണിക്ക് ഓഫിസിലെത്തണം. ആറോടെ പ്രഭാതകൃത്യങ്ങളെല്ലാം നിര്‍വഹിച്ചതുകൊണ്ട് അന്നു തട്ടിപ്പിടയേണ്ടതുണ്ടായിരുന്നില്ല. ആശ്വാസത്തോടെയാണ് ഭാര്യയോടൊന്നിച്ചു പ്രാതല്‍ കഴിച്ചത്. ഇനി ഡ്രസ് മാറ്റി പോകാനൊരുങ്ങുകയാണ്. കാറിന്റെ ചാവിയെടുക്കാന്‍ ഓഫിസ് റൂമിലേക്കു കടന്നപ്പോള്‍ അവിടമാകെ പൊടി. ടെലിവിഷന്‍ സ്‌ക്രീന്‍ മണ്ണില്‍ കുളിച്ചപോലെ. ദിവസങ്ങളായി റൂം അടിച്ചുവൃത്തിയാക്കിയിട്ട്. സ്വാഭാവികമായും ഏതൊരു ഭര്‍ത്താവും രോഷത്താല്‍ വിറകൊള്ളുന്ന സന്ദര്‍ഭം... പക്ഷേ, അദ്ദേഹം അതു ചെയ്തില്ല. പകരം പൊടിപിടിച്ച ടെലിവിഷന്‍ സ്‌ക്രീനില്‍ തന്റെ വിരലുകള്‍ കൊണ്ട് ഇങ്ങനെ എഴുതിവച്ചു: 'പ്രിയേ, നിന്നെ ഞാന്‍ പ്രണയിക്കുന്നു..!'
രംഗം ഭാര്യ കണ്ടിട്ടില്ല. അയാള്‍ പുറത്തിറങ്ങി ഒന്നുമറിയാത്ത മട്ടില്‍ ഭാര്യയോട് പറഞ്ഞു:
'നീ ആ ടി.വിയുടെ മേലേവച്ച ചാവി എടുത്തു കൊണ്ടുവാ'
ഭാര്യ ചെന്നു. ചാവി എടുക്കാനായി നോക്കിയപ്പോള്‍ സ്‌ക്രീനില്‍ പതിവില്ലാത്തൊരു എഴുത്ത്. അവള്‍ കൗതുകത്തോടെ അതു വായിച്ചു: 'പ്രിയേ, നിന്നെ ഞാന്‍ പ്രണയിക്കുന്നു'
ഭാര്യയ്ക്കു കാര്യം മനസിലായി. അവള്‍ക്കു കുറ്റബോധവും ഒപ്പം ചിരിയും വന്നു. ചിരി കൈവിടാതെത്തന്നെ അവള്‍ ചാവി ഭര്‍ത്താവിനു കൈമാറി. അപ്പോള്‍ ഭര്‍ത്താവിന്റെ മുഖത്തും അര്‍ഥംവച്ചൊരു ചിരി. പിന്നെ ഇങ്ങനെ ഒരു കമന്റും. 'റ്റാ റ്റാ... ഞാനിറങ്ങട്ടെ..'
കുറ്റബോധത്തിന്റെ ആ ചിരി മുഖത്തുനിന്നു മാറ്റാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ഭര്‍ത്താവ് ഗേറ്റ് കടക്കുംവരെ അവളവിടെത്തന്നെ നിന്നു. പിന്നെ നേരെ ഓഫിസ് റൂമിലേക്ക്... റൂം മുഴുവന്‍ അടിച്ചുവാരി. ഒരു പൊടിപോലും അവശേഷിക്കാത്തവിധം കഴുകി വൃത്തിയാക്കി.
തെറ്റു തിരുത്തിക്കാന്‍ കൈയൂക്ക് മതി. പക്ഷേ, തെറ്റു തിരുത്തിക്കാതെ തിരുത്തിക്കാന്‍ വിവേകമാണു വേണ്ടത്. കൈയൂക്കുകൊണ്ട് തിരുത്തിച്ചാല്‍ തിരുത്തുമെങ്കിലും അതു ശരീരം കൊണ്ടുള്ള തിരുത്തല്‍ മാത്രമായിരിക്കും, മനസറിഞ്ഞുകൊണ്ടുള്ളതായിരിക്കില്ല. മനസറിഞ്ഞുകൊണ്ടുള്ള തിരുത്തലാണു തിരുത്തല്‍.
മാറ്റം അകത്തുനിന്നുള്ളതും പുറത്തുനിന്നുള്ളതുമുണ്ടല്ലോ. പുറത്തുനിന്നുള്ള മാറ്റത്തില്‍ മിക്കവാറും നിര്‍മാണാത്മകമായ മാറ്റമല്ല, സംഹാരാത്മകമായ മാറ്റങ്ങളായിരിക്കും ഉടലെടുക്കുക. കോഴിമുട്ട പുറത്തുനിന്നു പൊട്ടിയാല്‍ ജീവന്‍ പൊലിയും. അകത്തുനിന്നു പൊട്ടിയാല്‍ ജീവന്‍ വിടരും. പുറത്തുനിന്ന് പൊട്ടിക്കാന്‍ എളുപ്പമാണ്. അകത്തുനിന്ന് പൊട്ടിക്കാനാണു പണി. അതിന് എമ്പാടും സമയമെടുക്കും. ഗൗരവത്തിനു പകരം ലാളിത്യം സ്വീകരിക്കണം. കൂട്ടിപ്പിടിച്ച് ഒരുപാട് കഴിയണം. നിരന്തരം സ്‌നേഹത്തിന്റെ ഇളംചൂട് പകരണം.
കാത്തിരിപ്പിനു ക്ഷമയില്ലാത്തതു കൊണ്ടായിരിക്കാം പലരും എളുപ്പമാര്‍ഗമാണു സ്വീകരിക്കാറുള്ളത്. പുറത്തുനിന്ന് മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് പലപ്പോഴും പൊട്ടിത്തെറികളും കോലാഹലങ്ങളും ഉടലെടുക്കാറുള്ളത്. റൂമില്‍ പൊടി കണ്ടാല്‍ വീട്ടുകാരിയോട് 'എന്തടീ അസത്തേ ഈ കാണുന്നത്, നീ ഇവിടെ തീരെ അടിച്ചുവാരാറില്ലേ' എന്നു ചോദിച്ചാല്‍ അതു പുറത്തുനിന്നുള്ള പൊട്ടിക്കലാണ്. അവിടെ നിര്‍മാണത്തിനു പകരം സംഹാരമാണുണ്ടാവുക. നേരെ മറിച്ച്, കഥയിലെ ഭര്‍ത്താവിന്റെ നിലപാട് സ്വീകരിക്കുന്നത് അകത്തുനിന്ന് പൊട്ടാന്‍ സഹായിക്കലാണ്. അതില്‍ സംഹാരത്തിനു പകരം നിര്‍മാണം ഉടലെടുക്കും.
വൈകിട്ട് ചെന്നു നോക്കിയാല്‍ പൊടിയുടെ ചെറിയൊരു പാടുപോലും അവശേഷിക്കാത്തവിധം റൂം വൃത്തിയായിട്ടുണ്ടാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ 'നീ മഹാ പൊട്ടന്‍ തന്നെ. അയല്‍പക്കത്തെ ആ ചെക്കനെ നോക്ക്.. അവന്‍ നിന്നെക്കാളെത്ര ഉഷാറാണ്.. നീയെന്താ അവനെപ്പോലെയാകാത്തത്..?' എന്നു ചോദിക്കുമ്പോള്‍ അവിടെ ഒരിക്കലും അകത്തുനിന്നുള്ള പൊട്ടല്‍ സംഭവിക്കില്ല. അത് പുറത്തുനിന്നുള്ള പൊട്ടിക്കല്‍ മാത്രമാണ്.
പുറത്തുനിന്നുള്ള പൊട്ടിക്കല്‍ കൊണ്ടു മാറ്റമുണ്ടാകും. പക്ഷേ, സംഹാരാത്മകമായ മാറ്റമായിരിക്കുമെന്നു മാത്രം. മകന്‍ മികവിലേക്കുയരുന്നതിനു പകരം ഉള്ള ശേഷികൂടി നശിച്ച് അവന്‍ ഒന്നുമല്ലാതായിത്തീരുക എന്ന മാറ്റം. അതിനു പകരം 'സാരമില്ല, മോന്‍ അടുത്ത പരീക്ഷയില്‍ ഉഷാറാകും' എന്നു പറയുമ്പോള്‍ അത് അകത്തുനിന്ന് പൊട്ടാന്‍ സഹായിക്കലാണ്. ആ പൊട്ടലില്‍ ഒരുപക്ഷേ, കണ്‍കുളിര്‍മയുണ്ടാക്കുന്ന മഹാ പ്രതിഭയായിരിക്കും വിരിഞ്ഞുവരിക. വെള്ളവും വളവുമിട്ട് സഹായിച്ചാല്‍ വിത്ത് സ്വയം മുളപൊട്ടും. അതില്‍ നല്ല കായ്ക്കനികള്‍ നല്‍കുന്ന വൃക്ഷം വളര്‍ന്നുവരും. അതിനു പകരം അക്ഷമരായി പുറത്തുനിന്ന് നാം മുളപൊട്ടിക്കാന്‍ ശ്രമിച്ചാല്‍ അതോടെ അതിന്റെ ജീവിതം തീര്‍ന്നു. അതില്‍നിന്ന് ഒരില പോലും പുറത്തുവരില്ല.
അച്ചടക്ക ലംഘനത്തിന് അടിപ്രയോഗം പരിഹാരമായിരിക്കാമെങ്കിലും ശാശ്വതപരിഹാരമായിരിക്കില്ല. ശാശ്വതപരിഹാരത്തിനു മനസിലേക്കിറങ്ങിച്ചെല്ലുക തന്നെ വേണം. അടിപ്രയോഗത്തിലൂടെ ശരീരത്തിലേക്കേ ചെല്ലുന്നുള്ളൂ. മനസിലേക്കു കയറിച്ചെല്ലുന്നില്ല. പുറത്തുനിന്നുള്ള പൊട്ടിക്കലാണത്. അകത്തുനിന്ന് പൊട്ടാന്‍ സഹായിക്കലല്ല. പൊലിസുകാര്‍ പുറത്തുനിന്ന് പൊട്ടിക്കാന്‍ മുന്നിലുണ്ടാകും. അകത്തുനിന്ന് പൊട്ടിക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിയാറില്ല. അതുകൊണ്ടാണ് അവരുടെ സമീപനങ്ങള്‍ക്കു ശാശ്വതപരിഹാരങ്ങളുണ്ടാകാത്തത്. ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവനില്‍നിന്ന് എത്രകാലമായി അവര്‍ പിഴ ഈടാക്കുന്നു. എന്നിട്ടും ഹെല്‍മിറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് വല്ല കുറവുമുണ്ടോ...? കുറ്റകൃത്യങ്ങള്‍ കൂടുകയല്ലാതെ കുറയുന്നേയില്ല.
തെറ്റു തിരുത്തിക്കലും സ്വയം തിരുത്താന്‍ സഹായിക്കലും തമ്മിലുള്ള അന്തരം വളരെ വലുതാണ്. അടിപിടി കൂടുന്ന രണ്ടുപേരെ രണ്ടുഭാഗത്താക്കി ഇനി നിങ്ങള്‍ തമ്മില്‍ അടിപിടി കൂടിയാല്‍ രണ്ടുപേര്‍ക്കും അടി കിട്ടുമെന്നു പറഞ്ഞു പ്രശ്‌നം തീര്‍ക്കുന്നത് തിരുത്തിക്കലാണ്. അതുകൊണ്ടുമാത്രം പ്രശ്‌നം അടങ്ങില്ല. അവസരമൊത്താല്‍ അവര്‍ വീണ്ടും അടിപിടിയിലേര്‍പ്പെടും. ശാശ്വതപരിഹാരം ഉണ്ടാകണമെങ്കില്‍ ഞങ്ങള്‍ അടിപിടി കൂടേണ്ടവരല്ല, ഒത്തൊരുമിച്ച് നില്‍ക്കേണ്ടവരാണെന്ന ബോധം അവരിലുണ്ടാക്കിക്കൊടുക്കണം. അടിപിടിയില്‍നിന്ന് അവരെ മാറ്റുന്നതിനു പകരം സ്വയം മാറിനില്‍ക്കാന്‍ അവരെ സഹായിക്കണം.
ഒരിക്കലും തിരുത്തിക്കാന്‍ പോകരുത്. സ്വയം തിരുത്താന്‍ സഹായിക്കുകയേ ചെയ്യാവൂ. നിര്‍മാണാത്മകമായ മാറ്റമാണു നിങ്ങള്‍ കൊതിക്കുന്നതെങ്കില്‍ മുട്ട പുറത്തുനിന്ന് പൊട്ടിക്കരുത്. അകത്തുനിന്ന് പൊട്ടാന്‍ സഹായിക്കുക. വിത്തിന്റെ തോട് പൊട്ടിച്ച് വൃക്ഷത്തൈ വളര്‍ത്താന്‍ ശ്രമിക്കരുത്. വെള്ളവും വളവും നല്‍കി പരിപോഷിച്ചാല്‍ മതി. വിത്ത് സ്വയം പൊട്ടി വൃക്ഷമായി വളര്‍ന്നുകൊള്ളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."