നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
നിലമ്പൂര്‍: ഇടവേളയ്ക്കു ശേഷം നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം. പാട്ടക്കരിമ്പില്‍ സായുധരായ മാവോയിസ്റ്റുകള്‍ തമ്പടിച്ചതായി വിവരം.
കഴിഞ്ഞ ദിവസം രാത്രി വേഴക്കോടന്‍ ചന്ദ്രന്റെ വീട്ടില്‍ യൂനിഫോം ധരിച്ചെത്തിയ നാലുപേര്‍ മാവോയിസ്റ്റുകളാണെന്ന സംശയത്തിലാണ് നാട്ടുകാര്‍. ആയുധങ്ങളുമായി എത്തിയ സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവര്‍ അനു എന്നും മറ്റൊരാള്‍ രമേഷ് എന്നും പരിചയപ്പെടുത്തി. ചന്ദ്രന്റെ വീട്ടില്‍ നിന്നും അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ശേഖരിച്ചാണ് മടങ്ങിയത്.
സമീപപ്രദേശങ്ങളില്‍ ഇവര്‍ തമ്പടിക്കുന്നുണ്ടെന്നാണ് സൂചന. പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് മാവോയിസ്റ്റുകള്‍ ഇവിടെ ക്യാംപ് ചെയ്യുന്നതെന്നാണ് സൂചന. പാട്ടക്കരിമ്പിലെ ആദിവാസികളുടെ വനദുര്‍ഗാ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെടാനാണ് മാവോയിസ്റ്റുകള്‍ വീണ്ടും കോളനിയിലെത്തിയതെന്നാണ് നിഗമനം. 2016 നവംബര്‍ 24നാണ് കരുളായി വനത്തില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. തിരിച്ചടിക്കുമെന്ന് മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."