ജേക്കബ് സുമ 48 മണിക്കൂറിനുള്ളില്‍ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ(എ.എന്‍.സി) അന്ത്യശാസനം. 48 മണിക്കൂറിനുള്ളില്‍ അധികാരം വിട്ടൊഴിയാനാണു നിര്‍ദേശം. അല്ലെങ്കില്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന എ.എന്‍.സി ദേശീയ എക്‌സിക്യൂട്ടിവിന്റെ പ്രത്യേക യോഗമാണ് സുമയുടെ രാഷ്ട്രീയഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന കടുത്ത തീരുമാനം കൈക്കൊണ്ടത്. പ്രിട്ടോറിയയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗം വാഗ്വാദങ്ങളും തര്‍ക്കങ്ങളുമായി 13 മണിക്കൂര്‍ നീണ്ടുനിന്നു. അനുരഞ്ജന നടപടികള്‍ക്കു പകരം കടുത്ത തീരുമാനത്തിലേക്കു തന്നെ യോഗം നീങ്ങുകയായിരുന്നുവെന്ന് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് സിറില്‍ രാമഫോസ ഉടന്‍ തന്നെ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. നിലവില്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനും കൂടിയായ സിറില്‍, ജേക്കബ് സുമയുടെ മുന്‍ ഭാര്യ ഡിലാമിനി സുമയെ പരാജയപ്പെടുത്തിയാണ് പാര്‍ട്ടി തലപ്പത്തെത്തിയത്.
നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ജേക്കബ് സുമയുടെ രാജിക്കായി സമ്മര്‍ദം ഉയര്‍ന്നത്. നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ദേശീയ എക്‌സിക്യൂട്ടിവ് പ്രത്യേക യോഗം ചേര്‍ന്നത്. രണ്ടു ദിവസത്തിനകം രാജിവയ്ക്കാന്‍ സിറില്‍ രാമഫോസ നേരിട്ട് സുമയോട് ആവശ്യപ്പെട്ടതായാണു വിവരം. എ.എന്‍.സി സെക്രട്ടറി ജനറലും സുമയുടെ വിശ്വസ്തനുമായ എയ്‌സ് മഗാഷ്യൂള്‍ ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി പാര്‍ട്ടി തീരുമാനം ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, താന്‍ രാജിവയ്ക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് സുമ നല്‍കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക തലത്തില്‍ ഇതുവരെ മാധ്യമങ്ങളോട് ഒന്നും വിശദീകരിച്ചിട്ടില്ല.
സുമ രാജിവയ്ക്കാന്‍ മൂന്നു മാസത്തെ കാലാവധി ചോദിച്ചതായി ചില പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആവശ്യം യോഗം തള്ളിക്കളയുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്ന സുമ നെല്‍സന്‍ മണ്ടേലയ്‌ക്കൊപ്പം 10 വര്‍ഷത്തോളം കുപ്രസിദ്ധമായ റോബന്‍ ഉപദ്വീപിലെ ജയിലില്‍ തടവുവാസം അനുഷ്ഠിച്ചിട്ടുണ്ട്. 38 വര്‍ഷത്തെ ഭരണത്തിനു ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അംഗോള പ്രസിഡന്റ് ജോസ് എഡ്വാര്‍ഡോ ഡോസിന്റെയുും പട്ടാള നീക്കത്തെ തുടര്‍ന്ന് നവംബറില്‍ സ്ഥാനം നഷ്ടപ്പെട്ട സിംബാബ്‌വെ ഏകാധിപതിയായിരുന്ന റോബര്‍ട്ട് മുഗാബെയുടെയും വിധി തന്നെയാണ് ജേക്കബ് സുമയെയും കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."