ഡയല്‍ എ ഡോക്ടര്‍; 1056 ഡയല്‍ ചെയ്തത് 2.27 ലക്ഷം പേര്‍
മലപ്പുറം: ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ഫോണിലൂടെ ഡോക്ടറോട് ചോദിക്കുന്ന 'ഡയല്‍ എ ഡോക്ടര്‍' പദ്ധതിക്ക് സ്വീകാര്യതയേറുന്നു. പൊതുജനങ്ങള്‍ക്ക് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് ദൂരീകരിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണിത്.
പ്രവര്‍ത്തനമാരംഭിച്ച് ഇതുവരെയായി 2.27 ലക്ഷം കോളുകള്‍ കോള്‍ സെന്ററില്‍ ലഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് ഇതിനായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നത്. 30 ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്.
1056 എന്ന നമ്പറിലാണ് സേവനം ലഭിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് പുറമേ 15 ഓളം കൗണ്‍സലര്‍മാരുടെയും സേവനം 24 മണിക്കൂറും ഇവിടെ നിന്നും ലഭ്യമാണ്.
ആരോഗ്യവകുപ്പിന്റെ ദിശ എന്ന കോള്‍ സെന്റര്‍വഴിയാണ് ഡോക്ടര്‍ ഫോണിലെത്തുന്നത്. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു പുറമേ പ്രഥമ ശുശ്രൂഷ, ചികിത്സ, രോഗ പ്രതിരോധം തുടങ്ങിയ വിവരങ്ങളും ഡോക്ടര്‍മാരോട് ചോദിക്കാം. വിവിധ സ്‌പെഷാലിറ്റി വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. 2013ല്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യകാലങ്ങളില്‍ കൗണ്‍സിലിങ് മാത്രമാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സേവനം കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. 1056 എന്ന നമ്പറില്‍ വിളിച്ച് രോഗകാരണം പറഞ്ഞാല്‍ അതതു ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്തും. ഒരു ദിവസം ശരാശരി നൂറിലധികം ഫോണ്‍കോളുകളാണ് ഈ നമ്പറില്‍ വരുന്നത്.
പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനിടയില്‍ തന്നെ ഫോണ്‍കോളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. കുട്ടികള്‍ക്ക് പരീക്ഷക്കാലത്ത് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ലഘൂകരിക്കാനുള്ള കോള്‍ സെന്ററായിട്ടാണ് 2013 ല്‍ ദിശ ആരംഭിച്ചതെങ്കിലും പിന്നീടത് ടെലി ഹെല്‍ത്ത് ഹെല്‍പ് ലൈനാക്കി മാറ്റുകയായിരുന്നു. മനഃശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് ഫോണ്‍കോളുകളില്‍ അധികവുമെന്ന് അധികൃതര്‍ പറയുന്നു.
ഫാമിലി കൗണ്‍സലിങ്, ആത്മഹത്യാ പ്രവണതക്കെതിരേയുള്ള കൗണ്‍സലിങ്, വിവാഹപൂര്‍വ കൗണ്‍സലിങ്, കൗമാരാരോഗ്യ കൗണ്‍സലിങ്, സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറല്‍, വിവിധ ആരോഗ്യക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കല്‍ എന്നിങ്ങനെയുള്ള സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. കേരളത്തില്‍ ആരംഭിച്ച പദ്ധതി വിജയിച്ചതിനെ തുടര്‍ന്ന് മറ്റു ആറു സംസ്ഥാനങ്ങളില്‍ കൂടി ഡയല്‍ എ ഡോക്ടര്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
നിലവില്‍ അലോപ്പതി ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. താമസിയാതെ ആയുര്‍വേദ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."