പരുമലയിലും പരിസര പ്രദേശങ്ങളിലും തീ പിടുത്തം പതിവാകുന്നു
മാന്നാര്‍: പരുമലയിലും പരിസര പ്രദേശങ്ങളിലും അഗ്നിബാധയുണ്ടാകുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ചെറുതും വലുതുമായ ഇരുപതോളം തീ പിടുത്തമാണ് ഇവിടെ നടന്നത്.
തീ പിടുത്തമുണ്ടായാല്‍ പത്ത് കി.മീ. ദൂരത്തിലുള്ള മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ പ്രദേശങ്ങളിലെ അഗ്നിശമന സേനയാണ് സാധാരണയായി എത്തുന്നത്. സംഭവം അറിഞ്ഞ് അഗ്നിശമന സേന ഇവിടെ എത്തുമ്പോഴേക്കും അരമണിക്കൂറെങ്കിലും സമയം വേണ്ടി വരും.
എന്നാല്‍ മാന്നാര്‍ കേന്ദ്രീകരിച്ച് അഗ്നിശമന സേന യൂണിറ്റ് സ്ഥാപിച്ചാല്‍ അത്യാവശ്യഘട്ടങ്ങളില്‍ എളുപ്പത്തില്‍ എത്തിചേരാന്‍ കഴിയും. ഇതിന് അടിയന്തിരമായി സേന യൂണിറ്റ് സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മാന്നാര്‍, കടപ്ര, ചെന്നിത്തല, ബുധനൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സേനയെ ഉപയോഗിക്കുവാന്‍ കഴിയും. ഈ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ തരിശ് നിലങ്ങള്‍ ഉള്ളത്. ഇതില്‍ തന്നെ വേനല്‍ കടുത്തതോടെ തീപിടുത്തം നിത്യ സംഭവമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പരുമലയിലും മറ്റും ഉണ്ടായ പ്രശ്‌നങ്ങള്‍ മാന്നാറില്‍ അടിയന്തിരമായി ഫയര്‍ സ്‌റ്റേഷന്‍ വേണമെന്ന ആവശ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരുമല ക്ഷേത്രത്തിന് സമീപമുള്ള കാടിനുണ്ടായ വന്‍ അഗ്‌നിബാധ നാട്ടുകാരുടെയും അഗ്നിശമന സേനാ വിഭാഗങ്ങളുടേയും സമയോചിതമായി ഇടപെടല്‍ ഉണ്ടായിരുന്നില്ലങ്കില്‍ പരുമല ഗ്രാമം തന്നെ നാമാവശേഷമാകുമായിരുന്നു.
ജല സേചന വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും മറ്റ് ജനപ്രതിനിധികളും നേരിട്ട് ഇടപെട്ട് കാര്യങ്ങള്‍ നീക്കുകയും കൂടുതല്‍ അഗ്നിശമന സേനാ വിഭാഗത്തെ അയയ്ക്കുകയും ചെയ്തതിലൂടെയാണ് വന ദുരന്തം ഒഴിവായത്.വിവിധ യൂണിറ്റുകളില്‍ നിന്നും സേന എത്തിയപ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.
പമ്പയാറിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ സേനയക്ക് ആവശ്യത്തിന് വെള്ളം എടുക്കുന്നതിനും മറ്റും കഴിഞ്ഞതിനാല്‍ തീ അണയ്ക്കുവാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം തിക്കപ്പുഴ ജംഗ്ഷനില്‍ ബാറ്ററി ചൂടായി കാര്‍ പൂര്‍ണമായും കത്തിയപ്പോഴും ഏറെ കഴിഞ്ഞാണ് സേന എത്തിയത്.
രണ്ടാഴ്ച മുന്‍പ് പരുമല പമ്പാ കോളജ് ഗ്രൗണ്ടിന് സമീപവും തീ പിടുത്തം ഉണ്ടായി. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഒരു ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യുമുയര്‍ത്തി ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായര്‍, തിരുവല്ല എം.എല്‍.എ യും ജലസേചന വകുപ്പ് മന്ത്രിയുമായ മാത്യു ടി.തോമസ് എന്നിവര്‍ക്ക് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."