കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാതെ ബി.ജെ.പിയെ പരാജയപ്പെടുത്തുക; സി.പി.എം കരട് പ്രമേയം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഇല്ലാതെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കുകയെന്ന നിലപാടു വ്യക്തമാക്കിയുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഎം പുറത്തിറക്കി.
കൊല്‍ക്കത്തയില്‍ ജനുവരി 19 മുതല്‍ 21 വരെ ചേര്‍ന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം പാര്‍ട്ടിയുടെ എല്ലാതലങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിച്ചു.
ഹിന്ദുത്വ വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ തിരുത്തിക്കാനും ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയും പ്രാദേശികകക്ഷികള്‍ ഉള്‍പ്പെടെയുള്ളവയും നയിക്കുന്ന സര്‍ക്കാരുകളും നടപ്പാക്കുന്ന നവഉദാരനയങ്ങള്‍ക്കെതിരെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ജീവനോപാധികള്‍ തകര്‍ക്കുന്ന വിനാശകരമായ സാമ്പത്തികനയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ കെട്ടിപ്പടുക്കാനായി പരിശ്രമിക്കും. ഹിന്ദുത്വശക്തികള്‍ സര്‍ക്കാരിനുള്ളിലും പുറത്തും ഗൗരവതരമായ വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെയും വിപുലമായ മുന്നേറ്റത്തിനുള്ള വേദികള്‍ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.
ബഹുജനമുന്നേറ്റങ്ങള്‍ക്കും യോജിച്ചപ്രക്ഷോഭങ്ങള്‍ക്കുമായി എല്ലാതലങ്ങളിലുമുള്ള സംയുക്ത വേദികള്‍ കെട്ടിപ്പടുക്കണം. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തണം. ബൂര്‍ഷ്വാ പാര്‍ടികള്‍ക്കു പിന്നിലുള്ള ബഹുജനങ്ങളെ ആകര്‍ഷിക്കാനായി വര്‍ഗബഹുജന സംഘടനകളുടെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. വര്‍ഗീയശക്തികള്‍ക്കെതിരെ പോരാടാന്‍ അടിത്തട്ടില്‍ ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിന് ഊന്നല്‍നല്‍കണം. ഇവയെ രാഷ്ട്രീയ, തെരഞ്ഞെടുപ്പു സഖ്യമാക്കരുത്. ഇതുപോലെ, ജനാധിപത്യ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണങ്ങള്‍ ചെറുക്കാന്‍ വിശാലമായ ഐക്യം പടുത്തുയര്‍ത്തണം.
പാര്‍ടിയുടെ സ്വതന്ത്രമായ കരുത്ത് വികസിപ്പിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനും പാര്‍ടി മുന്‍ഗണന നല്‍കും. ഇടതുപക്ഷ ഐക്യം വിശാലമാക്കാനും ശക്തിപ്പെടുത്താനുമായി പ്രവര്‍ത്തിക്കും.രാജ്യത്ത് ഇടത് ജനാധിപത്യമുന്നണി രൂപംകൊള്ളുന്നതിലേക്ക് നയിക്കുന്ന വിധത്തില്‍, വ്യക്തമായ പരിപാടിയുടെ അടിസ്ഥാനത്തില്‍ എല്ലാ ഇടത്, ജനാധിപത്യശക്തികളെയും ഒന്നിച്ച് അണിനിരത്തി ഐക്യപ്രക്ഷോഭങ്ങളും യോജിച്ച മുന്നേറ്റങ്ങളും സംഘടിപ്പിക്കണം. സംസ്ഥാനങ്ങളില്‍, വ്യക്തമായ പരിപാടിയില്‍ കേന്ദ്രീകരിച്ച് വിവിധ ഇടത്, ജനാധിപത്യശക്തികളെ അണിനിരത്തണം. ദേശീയതലത്തിലെ രാഷ്ട്രീയപ്രചാരണങ്ങളില്‍ ഇടത് ജനാധിപത്യ ബദലിനെ ഉയര്‍ത്തിക്കാട്ടുകയും ഇടത് ജനാധിപത്യമുന്നണിയില്‍ ഇടംനല്‍കാന്‍ കഴിയുന്ന എല്ലാ ശക്തികളെയും ഇതില്‍ അണിനിരത്തുകയും ചെയ്യണം. ഈ രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിവിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ കഴിയുന്ന തെരഞ്ഞെടുപ്പുതന്ത്രം ആവിഷ്‌കരിക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."