സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: സമസ്ത മേഖലയിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. യു.ഡി.എഫ് തെക്കന്‍ മേഖലാ ജാഥയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ സമയത്തിനുളളില്‍ ജനങ്ങളുടെ അപ്രീതി സമ്പാദിച്ച സര്‍ക്കാരാണിത്. കാരുണ്യ ചികിത്സാ പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി പാവപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്ന പദ്ധതികളിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈവച്ചത്. കോര്‍പ്പറേറ്റ്-സമ്പന്നവര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പാതയിലൂടെയാണ് എല്‍.ഡി.എഫ് സര്‍ക്കാരും നീങ്ങുന്നത്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടതു കൊണ്ടാണ് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ നിരന്തരം പ്രതിഷേധിക്കുന്നത്. സി.പി.ഐയുടെ പ്രതിഷേധം ഭരണരംഗത്തെ കാര്യക്ഷമതയില്ലായ്മയുടെയും സമ്പന്നവര്‍ഗ സ്വാധീനത്തിന്റെയും പ്രത്യക്ഷ ഉദാഹരണങ്ങളാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് നോട്ട് പിന്‍വലിച്ചതിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇതര സംസ്ഥാന സര്‍ക്കാരുകള്‍ ബദല്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ കൂടുതല്‍ ദ്രോഹിക്കുകയായിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന വമ്പിച്ച സ്വീകരണ സമ്മേളനങ്ങളില്‍ ജാഥയിലെ അംഗങ്ങളായ ബെന്നി ബഹനാന്‍, വാക്കനാട് രാധാകൃഷ്ണന്‍, റ്റി.എം സലിം, വി സുരേന്ദ്രന്‍പിള്ള, കെ.എസ് സനല്‍കുമാര്‍, എം.പി സാജു, മണ്‍വിള രാധാകൃഷ്ണന്‍, എം.എം നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള, കണ്‍വീനര്‍ ഫിലിപ്പ് കെ. തോമസ്, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ ജില്ലയിലെ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."