സൈമണ്‍ മാസ്റ്റര്‍ക്ക് ലഭിക്കാതെ പോയ നീതി മനുഷ്യത്വത്തിന്റേതാണ്
അഡ്വ. എ .ജയശങ്കര്‍ എഴുതുന്നു
ഇ.സി സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം നീതിപീഠത്തിന്റെ തീര്‍പ്പ് കാത്ത് കിടക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ അനാട്ടമി ലാബിന് ഉപയോഗിക്കാമോ അതോ സൈമണ്‍ മാസ്റ്റര്‍ സ്വീകരിച്ച മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കണമോയെന്നത് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന റിട്ട് ഹരജി തീര്‍പ്പാകുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഹരജിയില്‍ തീര്‍പ്പാകുന്നത് വരെ മൃതദേഹത്തില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് ഹൈക്കോടതി മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈമണ്‍ മാസ്റ്റര്‍ എന്ന വ്യക്തിയുടെ പ്രശ്‌നമായിട്ടല്ല ഇപ്പോള്‍ ഇതിനെ കാണേണ്ടത്. ഇതൊരു സാമൂഹ്യപ്രശ്‌നമാണ്. സൈമണ്‍ മാഷ് എന്ന വ്യക്തി 87 ാം വയസ്സിലാണ് മരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ താലുക്കിലെ മതിലകത്ത് ജനിച്ച അദ്ദേഹം ജന്മം കൊണ്ട് 70 വയസുവരെ ക്രിസ്തുമത വിശ്വാസിയായിരുന്നു. ഒരു അധ്യാപകനായ അദ്ദേഹം ദൈവീകകാര്യങ്ങളില്‍ താല്‍പര്യമുള്ളയാള്‍ എന്നതിനേക്കാള്‍ ബൈബിളില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. ഒരുകാലത്ത് കാത്തോലിക്ക സഭ ബൈബിള്‍ പഠിക്കാന്‍ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. ബൈബിള്‍ വൈദികരുടെ കുത്തകയായി തന്നെ നിലകൊള്ളാനുള്ള താല്‍പര്യമായിരുന്നു പുലര്‍ത്തിയിരുന്നത്. പ്രൊട്ടസ്റ്റന്റ് സഭയുടെ നേതൃത്വത്തിലാണ് 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ബൈബിളിന്റെ കൃത്യമായ പരിഭാഷ ഇറങ്ങുന്നത്. കാത്തോലിക്കരുടെ ബൈബിള്‍ പരിഭാഷ ഇറങ്ങുന്നത് അടുത്തിടെ അന്തരിച്ച ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍, സഭ ബൈബിള്‍ പരിഭാഷ ഇറക്കുന്നതിന് മുമ്പെ ബൈബിള്‍ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത വ്യക്തിയാണ് സൈമണ്‍ മാഷ്.
സൈമണ്‍ മാഷ് ഒരു ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് ഇസ് ലാം മതം സ്വീകരിച്ച വ്യക്തിയല്ല. ബൈബിള്‍ പഠനത്തിന്റെ ഭാഗമായി ഖുര്‍ആന്‍ പഠിക്കുകയും ഇസ്‌ലാംമതം സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്. ഖുര്‍ആന് ദൈവശാസ്ത്രപരമായ നിലനില്‍പ്പുണ്ടെന്ന് വ്യക്തമായി ബോധ്യം വന്ന ശേഷമാണ് സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാം സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍നിന്നും പുസ്തകങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയും. ഒരാളുടെയും താല്‍പര്യത്തിനോ സ്വാധീനത്തിനോ വിധേയനായി ഇസ് ലാംമതം സ്വീകരിച്ച വ്യക്തിയല്ലെന്ന് അദ്ദേഹത്തെ പഠിക്കുന്നവര്‍ക്ക് അറിയാന്‍ കഴിയും.
സൈമണ്‍ മാസ്റ്ററെ ഞാന്‍ യാദൃച്ഛികമായിട്ടാണ് പാലാരിവട്ടത്തുവച്ച് ഒരു പരിപാടിയില്‍ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം അന്ന് കേള്‍ക്കാന്‍ ഇടയായി. തീര്‍ത്തും മതപരമായ ഒരു സമ്മേളനത്തില്‍ വളരെ ലളിതമായി പ്രസംഗിക്കുന്നത് കേട്ടതോടെയാണ് ഇദ്ദേഹം എന്റെ ശ്രദ്ധയില്‍വരുന്നത്. അദ്ദേഹത്തിന്റേതായി അഞ്ചു പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ചതാണെന്നും മരിച്ചുകഴിഞ്ഞാല്‍ ഇസ്‌ലാമിക ആചാരപ്രകാരം പള്ളിയില്‍ ഖബറടക്കം ചെയ്യണമെന്നും അദ്ദേഹം നേരത്തേ തന്നെ കത്ത് എഴുതിവയ്ക്കുകയും ചെയ്തിരുന്നു. സൈമണ്‍ മാഷ് ഇസ്‌ലാംമതം സ്വീകരിച്ചെങ്കിലും ഭാര്യയും മക്കളും ക്രിസ്തുമത വിശ്വാസികളായിട്ടാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത്. അദ്ദേഹം 87 ാംവയസില്‍ മരിക്കുമ്പോള്‍ സ്വാഭാവികമായും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കാം. സൈമണ്‍ മാഷ് മരിക്കും മുമ്പ ്100 രൂപ മുദ്രപത്രത്തില്‍ തന്റെ മൃതദേഹം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കാമെന്ന് എഴുതിവച്ചതായി കാണിച്ചുകൊണ്ടാണ് ഭാര്യയും മക്കളും അദ്ദേഹത്തിന്റെ കത്തിനെ അവഗണിച്ചുകൊണ്ട് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറിയത്.
മുദ്രപത്രത്തില്‍ എഴുതിയിരിക്കുന്നത് സ്വന്തം കൈപ്പടയില്‍ അല്ലാത്തതിനാലും വിരല്‍ അടയാളം അവ്യക്തമായി പതിച്ചിരിക്കുന്നതിനാലും ഭാര്യയുടെ പേരില്‍ മുദ്രപത്രം വാങ്ങിയിരിക്കുന്നതിനാലും സൈമണ്‍ മാഷ് ഉപയോഗിക്കുന്ന പഴയ ലിപിയിലെ എഴുത്തല്ലാത്തതിനാലും ഇത് ബന്ധുക്കള്‍ തയ്യാറാക്കിയതാണെന്ന് അനുമാനിക്കാം. ഇസ്‌ലാം മതം ഉപേക്ഷിച്ചെങ്കില്‍ സൈമണ്‍ മാഷിനെ എന്തുകൊണ്ട് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തില്ലെന്ന ചോദ്യം ഉയരുകയാണ്. ആശുപത്രിയില്‍ മരിച്ചിട്ടും മൃതദേഹം വീട്ടില്‍ കൊണ്ടുപോകാതെ പൊതുദര്‍ശനത്തിന് വയ്ക്കാതെ എന്തുകൊണ്ട് മെഡിക്കല്‍ കോളജിലേക്ക് കൈമാറി എന്നതും പ്രസക്തമാണ്.
സൈമണ്‍ മാഷിന്റെ ഭാര്യയും മക്കളും അദ്ദേഹത്തിന്റെ ആഗ്രഹത്തിന് മുകളില്‍ സ്വന്തം താല്‍പര്യം സ്ഥാപിച്ചോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ഒരു ചോദ്യം. ഇത് സൈമണ്‍ മാഷിന്റെ മാത്രം അവസ്ഥയല്ല. നമ്മുടെ നാട്ടിലെ പ്രശസ്തരും അപ്രശസ്തരുമായ പലരുടെയും അവസ്ഥയാണ്. കമ്മ്യൂണിസ്റ്റുകാരനും യുക്തിവാദിയുമായി ജീവിച്ചിരുന്ന പലരും മതാചാരപ്രകാരം സംസ്‌കരിക്കപ്പെടുന്നതിന് നാം സാക്ഷിയായത് വിസ്മരിക്കരുത്. അതുകൊണ്ടാണ് ഇത് ഒരു സാമൂഹ്യവിഷയമായും മനുഷ്യത്വത്തിന്റെ വിഷയമായും കാണണം എന്ന് പറയുന്നത്.
നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രശില്‍പികളായ പ്രഥമ പ്രധാനമന്ത്രിയുടെയും പ്രഥമ പ്രതിപക്ഷനേതാവിന്റെയും അവസ്ഥ എന്തായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഒരു മതവിശ്വാസിയായിരുന്നില്ല. എന്നാല്‍, അദ്ദേഹം ഒരു മതവിരുദ്ധനുമായിരുന്നില്ല. മതരഹിതനായി ജീവിച്ച അദ്ദേഹം മതാചാരപ്രകാരം തന്റെ മൃതദേഹം സംസ്‌കരിക്കരുതെന്ന് പത്ത് വര്‍ഷം മുമ്പെ എഴുതിവച്ചിരുന്നു. തന്റെ മൃതദേഹം ചിതയില്‍വച്ച് സംസ്‌കരിക്കണമെന്നും ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഗംഗയില്‍ ഒഴുക്കണമെന്നും മറ്റൊരു ഭാഗം രാജ്യത്തെ വയലുകളില്‍ നിക്ഷേപിക്കണമെന്നുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.
ഇവ മതത്തിന്റെ പേരില്‍ അല്ലെന്നും താന്‍ ജനിച്ചുവളര്‍ന്ന അലഹബാദിനോടും ഗംഗയോടും ഉള്ള വികാരപരമായ അടുപ്പം മൂലമാണെന്നും നെഹ്‌റു വ്യക്തമാക്കിയിരുന്നു. പക്ഷേ, നെഹ് റുവിന്റെ മരണശേഷം ബ്രാഹ്മണ മതാചാരപ്രകാരമാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷനേതാവും കമ്മ്യൂണിസ്റ്റുമായ എ.കെ.ജിയും മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവായ ടി.വി തോമസും മരിക്കുന്നത് അടുത്ത ദിവസങ്ങളിലാണ്.
എ.കെ.ജിയുടെ മൃതദേഹം കണ്ണൂരില്‍ ചിതകൂട്ടി ദഹിപ്പിക്കുകയും ചിതാഭസ്മം മതാചാരപ്രകാരം ഒഴുക്കുകയും ചെയ്തു. ടി.വി തോമസിന്റെ ബന്ധുക്കള്‍ അദ്ദേഹത്തിന് അന്ത്യകൂദാശ നല്‍കാന്‍ അവസാനഘട്ടത്തില്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹം അതിനെ എതിര്‍ത്തു. ഇതറിഞ്ഞ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുത്ത് ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കരിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി സഖാവ് ഇ.കെ നായനാരുടെ ചിതാഭസ്മവും കന്യാകുമാരിയില്‍ മതാചാരപ്രകാരം ഒഴുക്കിയത് നാം കണ്ടതാണ്. ഇവര്‍ വിശ്വസിക്കാത്ത ആചാരം ഇവരുടെ മേല്‍ മരണശേഷം അടിച്ചേല്‍പ്പിക്കുമ്പോള്‍ മരിച്ചവര്‍ ഒന്നും പ്രതികരിക്കാന്‍ വരുകയില്ലെന്നത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാണ്. എന്നാല്‍ വേറിട്ട ചില കാഴ്ചകളും കേരളം കണ്ടതാണ്.
സാഹിത്യകാരി കമല സുരയ്യ മരണപ്പെട്ടപ്പോള്‍ അവരുടെ ആഗ്രഹപ്രകാരം ഹിന്ദുമത വിശ്വാസിയായ മകന്‍ എം.ഡി നാലപ്പാട്ട് തിരുവനന്തപുരത്ത് പള്ളിയില്‍ കൊണ്ടുവന്ന് മൃതദേഹം ഇസ്‌ലാമിക മതാചാരപ്രകാരം സംസ്‌കരിച്ചു. ഇവിടെ വേണമെങ്കില്‍ എം.ഡി നാലാപ്പാട്ടിന് പൂനെയില്‍ തന്നെ എവിടെയെങ്കിലും ഹിന്ദുമതാചാരപ്രകാരം സംസ്‌കരിക്കാമായിരുന്നു.
അവിടെ സ്‌നേഹബന്ധങ്ങളുടെ ഗാഢവും സത്യസന്ധവുമായ പ്രകടനവും മാനുഷിക മൂല്യങ്ങളുമാണ് നാം കാണുന്നത്. ഇവിടെ എന്തുകൊണ്ടും കമല സുരയ്യയ്ക്ക് ലഭിച്ച നീതി സൈമണ്‍ മാഷ് എന്ന മുഹമ്മദ് ഹാജിക്കും ലഭിക്കേണ്ടതായിരുന്നു. മരിച്ചവരുടെ താല്‍പര്യങ്ങളേക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മതത്തിന്റേതല്ല പ്രശ്‌നം മനുഷ്യന്റെയും മനുഷ്യത്വത്തിന്റേതുമാണെന്ന് പറയേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."