കെ.എ.എസ് സമരം ശക്തമാകുന്നു; നിയമസഭാ ചോദ്യത്തിനുള്ള മറുപടി തയാറാക്കാതെ ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസി(കെ.എ.എസ്)നെതിരെയുള്ള സെക്രട്ടേറിയറ്റിലെ സര്‍വിസ് സംഘടനകളുടെ നിസഹകരണ സമരം നിയമസഭാ നടപടികളെയും ബാധിക്കും. നിയമസഭയില്‍ എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള ഫയലുകള്‍ ഓരോ സെക്ഷനിലും കെട്ടിക്കിടക്കുന്നു. വ്യാഴാഴ്ച മുതലാണ് നിയമസഭ ആരംഭിക്കുന്നത്.
നക്ഷത്ര ചിഹ്നമുള്ളതും ഇല്ലാത്തതുമായ ചോദ്യങ്ങളാണ് എം.എല്‍.എമാര്‍ ചോദിക്കുക. പലതിനും മന്ത്രിമാര്‍ നേരിട്ട് സഭയില്‍ മറുപടി നല്‍കണം. എം.എല്‍.എമാരുടെ ചോദ്യത്തിന്റെ ഉത്തരം തയാറാക്കുന്നത് സെക്രട്ടേറിയറ്റിലെ അതാത് വകുപ്പുകളുടെ സെക്ഷനുകളാണ്.
എന്നാല്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ അന്‍പതു ദിവസമായി പ്രതിപക്ഷ സംഘടനയില്‍ പെട്ടവര്‍ ഓഫിസിലെത്തി ഒപ്പിട്ടതിനു ശേഷം കോഫി ഹൗസിനു മുന്നില്‍ നില്‍പ്പ് സമരം തുടരുകയാണ്. ഇവര്‍ക്കൊപ്പം ഭരണകക്ഷിയില്‍പെട്ടവരും ഉണ്ട്.
കഴിഞ്ഞ മാസം മുതല്‍ തന്നെ എം.എല്‍.എമാരുടെ ചോദ്യത്തിന് ഉത്തരം തേടി സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ എത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ ഭരണം, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകളെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് സാധാരണ സഭയില്‍ കൂടുതലുമെത്തുന്നത്. ഉദ്യോഗസ്ഥര്‍ നിസഹകരണം പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഈ വകുപ്പുകളിലാണ്. പ്രതിപക്ഷ സംഘടനയില്‍ പെട്ടവരാണ് ഈ വകുപ്പുകളില്‍ ഭൂരിഭാഗവും.
എന്നാല്‍, ധന വകുപ്പിലെ പ്രതിപക്ഷ യൂനിയന്‍ അംഗങ്ങള്‍ നിസഹകരണ സമരത്തില്‍ പങ്കാളികളാണെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ല.
ഒപ്പിട്ടതിനു ശേഷം ജോലി ബഹിഷ്‌കരിക്കുന്നവരുടെ വിവരം ശേഖരിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെങ്കിലും വിവരങ്ങള്‍ ശേഖരിച്ച പൊതുഭരണ വകുപ്പ് നടപടികളിലേക്ക് പോയില്ല. ഭരണകക്ഷി യൂനിയന്റെ ശക്തമായി ഇടപെടലിനെ തുടര്‍ന്നാണ് നടപടി താല്‍ക്കാലികമായി പൊതുഭരണ വകുപ്പ് നിര്‍ത്തിവച്ചതെന്നാണ് വിവരം.
ജീവനക്കാരുടെ നിസഹകരണ സമരത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ ഒരു ഫയലും നീങ്ങാത്ത അവസ്ഥയാണുള്ളത്. മുഖ്യമന്ത്രിയുടെ വകുപ്പില്‍ പോലും സീറ്റുകളില്‍ ആളില്ല.
സമരം ശക്തമാക്കി സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഇന്നു മുതല്‍ 24 മണിക്കൂര്‍ രാപകല്‍ ഉപവാസം നടത്തും. ഇതിന്റെ തുടര്‍ച്ചയായി അനിശ്ചിതകാല പെന്‍ഡൗണ്‍ സമരം തുടങ്ങും.
നടപടി വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണു സമര നേതാക്കള്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും സമരക്കാര്‍ ഏകപക്ഷീയമായി കീഴടങ്ങി കെ.എ.എസുമായി സഹകരിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ കടുംപിടിത്തം സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."