പാതയോരത്തെ മദ്യവില്‍പ്പന: പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കേരളം
ന്യൂഡല്‍ഹി: പാതയോരത്ത് മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. പാതയോരത്തെ മദ്യവില്പ്പനയ്ക്കുള്ള നിരോധനം സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്തെന്നും വരുമാനത്തില്‍ ഇടിവുണ്ടായെന്നും കേരളം അറിയിച്ചു. ടൂറിസമാണ് സംസ്ഥാനത്തെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്ന്. സമ്മേളനങ്ങള്‍, യോഗങ്ങള്‍ എന്നിവയ്ക്കായി കേരളത്തിലെ ഹോട്ടലുകളിലേക്ക് വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ എത്താറുണ്ട്. ഇത്തരം ചടങ്ങുകളില്‍ മദ്യം ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. മദ്യവില്‍പ്പന സംബന്ധിച്ച ഉത്തരവ് നടപ്പാക്കിയതോടെ പല സ്ഥലങ്ങളിലും മദ്യം കിട്ടാതായി. ഇതോടെ ടൂറിസംമേഖല ഇടിഞ്ഞുവെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുമരകം, ചെറായി കടപ്പുറം, ബേക്കല്‍, മൂന്നാര്‍, തേക്കടി, കുമളി തുടങ്ങിയവയെല്ലാം പഞ്ചായത്തുകളാണ്. ടൂറിസം മേഖലയുടെ വികസനത്തിനായി ഈ പ്രദേശങ്ങളിലെ പല റോഡുകളും സംസ്ഥാന ഹൈവേകള്‍ ആയോ, ദേശീയപാതകളായോ ഉയര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നെടുമ്പാശേരി, കരിപ്പൂര്‍ എന്നിവയും പഞ്ചായത്തുകളിലാണ് സ്ഥിതി ചെയ്യുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിന് താഴെയുള്ള മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവില്‍ പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് അസമിലെ ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ കക്ഷിചേര്‍ന്ന് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."