വിവാഹ മോചിതയായ യുവതിക്ക് കുട്ടിയെ തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹമോചിതയായ മാതാവിന്റെ അനുമതിയില്ലാതെ പിതാവിന്റെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുനല്‍കണമെന്നു ഹൈക്കോടതി ഉത്തരവ്. കുളത്തൂപ്പുഴ സ്വദേശിനിയും സോഫ്ട്വെയര് എന്‍ജിനീയറുമായ യുവതി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2014 നവംബര്‍ 11നാണ് അഞ്ചര വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. കുടുംബക്കോടതി കുട്ടിയെ മാതാവിനൊപ്പം വിട്ടു.
പിതാവിന് നാലുമാസം കൂടുമ്പോള്‍ അഞ്ചു ദിവസം കുട്ടിയെ ഒപ്പം താമസിപ്പിക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇയാള്‍ ജോലി തേടി സഊദിയില്‍ പോയതോടെ മാതാപിതാക്കള്‍ക്ക് പേരക്കുട്ടിയെ കാണാന്‍ അനുമതി നല്കി. ഹരജിക്കാരി ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ വീടിന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഏല്പിക്കുന്നത്.
ജനുവരി 27 ന് കുട്ടിയെ കാണാന്‍ വന്ന പിതാവിന്റെ മാതാപിതാക്കള്‍ അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതി കുളത്തൂപ്പുഴ പൊലിസില്‍ പരാതി നല്കി. കുട്ടിയെ വിട്ടുകൊടുക്കാന്‍ പൊലിസ് നിര്‍ദേശിച്ചെങ്കിലും പിതാവിന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയെ വേണ്ടവിധം നോക്കുന്നില്ലെന്ന ഹരജിയിലെ ആരോപണത്തില്‍ കുടുംബക്കോടതി തീരുമാനമെടുക്കട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."