ശ്രേയസ് അയ്യര്‍ക്ക് ഇരട്ട ശതകം; സന്നാഹം സമനിലയില്‍
മുംബൈ: വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ആസ്‌ത്രേലിയക്ക് സുഖകരമായിരിക്കില്ലെന്നു ഇന്ത്യന്‍ യുവത്വം കാട്ടിക്കൊടുത്തു. ഇന്ത്യ എയും ആസ്‌ത്രേലിയയും തമ്മിലുള്ള ത്രിദിന സന്നാഹ മത്സരം സമനിലയില്‍ അവസാനിച്ചു. ആസ്‌ത്രേലിയ ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 469 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഓസീസ് ബൗളിങിനെ കൂസലില്ലാതെ നേരിട്ട് ഇന്ത്യന്‍ യുവ താരങ്ങള്‍ ഒന്നാം ഇന്നിങ്‌സില്‍ 403 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ആസ്‌ത്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയില്‍ പരുങ്ങുമ്പോള്‍ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.
സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന ആസ്‌ത്രേലിയന്‍ ടീമിനെതിരേ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി തികച്ച ശ്രേയസ് അയ്യരാണ് മത്സരത്തില്‍ ശ്രദ്ധേയ താരമായത്. എട്ടാം സ്ഥാനത്തിറങ്ങി അര്‍ധ സെഞ്ച്വറി നേടിയ ഗൗതമിനെ കൂട്ടുപിടിച്ച് അയ്യര്‍ നടത്തിയ പോരാട്ടം അവിസ്മരണീയമെന്നു പറയാം. 210 പന്തില്‍ 27 ഫോറും ഏഴു സിക്‌സും പറത്തിയാണ് അയ്യര്‍ ഇരട്ട ശതകം പിന്നിട്ടത്. ഗൗതം 74 റണ്‍സെടുത്തു. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ഗൗതമിന്റെ ബാറ്റിങും ശ്രദ്ധേയമായി. 68 പന്തില്‍ 10 ഫോറും നാലു സിക്‌സും സഹിതമാണ് ഗൗതം അര്‍ധ ശതകം സ്വന്തമാക്കിയത്. മറ്റൊരു താരത്തിനും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യ എ ടീമിനായി കാര്യമായ സംഭവന ചെയ്യാനായില്ല. പാഞ്ചാല്‍ (36) ബവ്‌നെ (25) പാണ്ഡ്യ (19) ഋഷഭ് പന്ത് (21) എന്നിവരും രണ്ടക്കം കടന്നു. ഓസീസിനായി നതാന്‍ ലിയോണ്‍ നാലും ഒകീഫ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാമിന്നിങ്‌സ് തുടങ്ങിയ ആസ്‌ത്രേലിയക്ക് വാര്‍ണര്‍ (35), റെന്‍ഷോ (10), മാക്‌സ്‌വെല്‍ (ഒന്ന്), ഹാന്‍ഡ്‌സ്‌കോംപ് (37) എന്നിവരുടെ വിക്കറ്റുകളാണു നഷ്ടമായത്. 19 റണ്‍സുമായി ഓകീഫും ആറു റണ്‍സുമായി വെയ്ഡും പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ, സെയ്‌നി, ഡിന്‍ഡ, പന്ത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പിഴുതു. നേരത്തെ ആസ്‌ത്രേലിയ സ്മിത്ത് (107) ഷോണ്‍ മാര്‍ഷ് (104) എന്നിവരുടെ സെഞ്ച്വറി മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."