അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ
കോഴിക്കോട് : മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ വിതരണം അനിശ്ചിതത്വത്തിലായി. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ വീതമാണ് വിതരണം ചെയ്യുന്നത്. കേന്ദ്ര സർക്കാർ മണ്ണെണ്ണയുടെ അലോട്ട്‌മെന്റ് വെട്ടികുറയ്ക്കുന്നത് കാരണം ആവശ്യമായതിന്റെ പകുതി പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
നേരത്തെ ഓരോ താലൂക്കുകളിലും രണ്ടിൽ കൂടുതൽ മൊത്ത വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. എന്നാൽ അലോട്ട്‌മെന്റ് കുറഞ്ഞതോടെ ഒന്നോ, രണ്ടോ ഡിപ്പോകൾ മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഒരു റേഷൻ കടയിൽ നൂറിൽ താഴെ ലിറ്റർ മണ്ണെണ്ണയാണ് ശരാശരി വിതരണത്തിന് ലഭിക്കുന്നത്.
ഇത്രയും സ്റ്റോക്കെടുക്കാൻ കിലോമീറ്ററോളം സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. കമ്മിഷന്റെ നാലിരട്ടിയെങ്കിലും അധിക ബാധ്യതയാണ് വ്യാപാരികൾക്കുണ്ടാവുന്നത്. ചെറിയ ഗുഡ്‌സ് ക്യാരിയർ വാഹനത്തിലായിരുന്നു മൊത്തവ്യാപാരിയിൽ നിന്നും റേഷൻ കടകളിലെത്തിച്ചിരുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ ഗണത്തിൽപെടുന്നതിനാൽ ടാങ്കർ ലോറി പോലുള്ള വാഹനത്തിൽ വിതരണം ചെയ്യണമെന്ന നിർദേശത്തെ തുടർന്ന് ചെറുകിട വാഹനങ്ങളിൽ എത്തിക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ പൂർണമായും വാതിൽപടിയായി എത്തിക്കാതെ വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇക്കാര്യങ്ങൾ സംയുക്ത റേഷൻ കോ-ഓഡിനേഷൻ ഭക്ഷ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."