ഗുല്‍ബര്‍ഗ കൂട്ടക്കൊല: എസ്.ഐ.ടിയുടെ ശുപാര്‍ശ ഗുജറാത്ത് സര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷനല്‍കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ തള്ളി. കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച 11 പേര്‍ക്ക് വധശിക്ഷനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചത്. കേസില്‍ ഒരാള്‍ക്കുലഭിച്ച 10 വര്‍ഷത്തെ തടവും 12 പേര്‍ക്കു ലഭിച്ച ഏഴുവര്‍ഷത്തെ തടവും ജീവപര്യന്തമാക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നവരില്‍ ഈ 13 പേരും ഉള്‍പ്പെടും. അതിനാല്‍ ഇവരെയും കൊലയാളികളായി പരിഗണിച്ച് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു എസ്.ഐ.ടിയുടെ ആവശ്യം.
ഗുജറാത്തി ഭാഷയില്‍ ഒരു പേജുള്ള കത്തില്‍ സംസ്ഥാന അണ്ടര്‍ സെക്രട്ടറിയാണ് ഒപ്പുവച്ചിരിക്കുന്നത്. വിചാരണക്കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നുമാണ് കത്തിലുള്ളതെന്നും അദ്ദേഹം അറിയിച്ചു. പ്രോസിക്യൂഷന്‍ ഏജന്‍സി സര്‍ക്കാര്‍ ആയതിനാല്‍ നിയമപ്രകാരം അവരുടെ അനുമതിയോടെ മാത്രമെ എസ്.ഐ.ടിക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ. സര്‍ക്കാര്‍ തീരുമാനം ഉള്‍പ്പെടെ അറിയിക്കുന്ന കേസിലെ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം അവസാനം സുപ്രിം കോടതി മുന്‍പാകെ സമര്‍പ്പിക്കുമെന്നും എസ്.ഐ.ടി അപ്പീല്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 11 പേരെ ജീവപര്യന്തം തടവിനും 12 പേരെ ഏഴുവര്‍ഷത്തെയും ഒരാളെ പത്തുവര്‍ഷത്തെയും തടവിനു ശിക്ഷിച്ച് കഴിഞ്ഞവര്‍ഷം ജൂണ്‍ 17നാണ് അഹ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി.ബി ദേശായി വിധിപുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 70 ഓളം പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വ്യക്തമാക്കിയായിരുന്നു സംഭവം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ചത്. വിചാരണക്കോടതി വിധി ചോദ്യംചെയ്ത് വിവിധ കുറ്റവാളികള്‍ നല്‍കിയ 16 ഹരജികള്‍ ഹൈക്കോടതി മുന്‍പാകെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."