200 രൂപയുടെ നാണയം പുറത്തിറക്കി: വിനിമയത്തിനല്ല; പിന്നെ...
മഞ്ചേരി: ഇരുനൂറ് രൂപയുടെ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കി. വിനിമയത്തിനല്ലെന്ന് മാത്രം. സ്വാതന്ത്ര്യസമര സേനാനി താന്തിയാതോപ്പിയുടെ ഇരുനൂറാം ജന്മദിനത്തിന്റെ ഭാഗമായി ആര്‍.ബി.ഐയുടെ കീഴിലുള്ള കൊല്‍ക്കത്ത നാണയ കമ്മട്ടശാലയാണ് ഒരാഴ്ച മുന്‍പ് 200 രൂപ സ്മാരക നാണയം പുറത്തിറക്കിയത്.
നാണയം അന്‍പത് ശതമാനം വെള്ളി, നാല്‍പത് ശതമാനം കോപ്പര്‍, അഞ്ച് ശതമാനം നിക്കല്‍ എന്നീ ലോഹകൂട്ടുകള്‍ ചേര്‍ന്നതാണ്. താന്തിയാതോപ്പിയുടെ ധീരസ്മരണകളെ രാജ്യം ആദരപൂര്‍വം ഓര്‍ക്കുന്നതിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയുടെ വിനിമയ നാണയവും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഇരുനൂറിന്റെ സ്മാരക നാണയം പുറത്തിറക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള ബ്രഹ്‌ദ്വേശര ക്ഷേത്രം ആയിരം വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷവേളയില്‍ 1000 രൂപയുടെ സ്മാരക നാണയം നേരത്തെ പുറത്തിറക്കിയിരുന്നു.
2017ല്‍ ഇന്‍ഡോ-ആഫ്രിക്കന്‍ സമ്മിറ്റിന്റെ ഭാഗമായി 500ന്റെ കോയിനും പുറത്തിറക്കി. മഹാകവി രവീന്ദ്രനാഥടാഗോറിന്റെ നൂറ്റി അന്‍പതാം ജന്മദിനത്തോടനുബന്ധിച്ച് 150ന്റെയും ഡോ: ബി.ആര്‍ അംബേദ്ക്കറുടെ നൂറ്റി ഇരുപത്തി അഞ്ചാമത് ജന്മദിനത്തിന്റെ ഭാഗമായി 125 രൂപയുടെ കോയിനും ഇത്തരത്തില്‍ പുറത്തിറക്കിയിരുന്നു. വിവിധ സ്മരണകള്‍ക്കായി 20, 25, 50, 75 തുടങ്ങിയ നാണയങ്ങളും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം 10 രൂപ വരെയുള്ള നാണയങ്ങളെ രാജ്യത്ത് സാധാരണ വിനിമയത്തിലുള്ളു.
ഓണ്‍ലൈന്‍വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷയോടൊപ്പം 2650 രൂപ മുന്‍കൂട്ടി പണംഅടച്ച് നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് ഈ നാണയം ലഭ്യമാകുന്നത്.
2017 ഡിസംബര്‍ 20 മുതല്‍ ഈമാസം 10 വരെയായിരുന്നു ബുക്കിങ് സമയം. ഇത്തരത്തില്‍ നേരത്തെ ബുക്ക് ചെയ്ത നാണയം കൈപറ്റിയിരിക്കുകയാണ് മഞ്ചേര തൃപ്പനച്ചി സ്വദേശിയും അധ്യാപകനുമായ എം.പി അബ്ദുല്‍അലി. നിലവില്‍ ഇരുനൂറു രൂപയുടെ കറന്‍സി വിനിമയത്തിലുള്ളതോടൊപ്പമാണ് 200ന്റെ സ്മാരകനാണയവും പുറത്തിറക്കിയതെന്നതും ഏറെ ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."