കളി നിര്‍ത്തിയെങ്കിലും 'കാര്യ'ങ്ങളില്‍ നിറഞ്ഞ് സുരേഷ്
എടച്ചേരി: എഴുപതുകളില്‍ കായികപ്രേമികളുടെ സിരകളില്‍ ആവേശത്തിന്റെ ലഹരി പകര്‍ന്ന സുരേഷ് മാഷ് ഇന്നും കളിയാവേശത്തിന്റെ തിരക്കുകളിലാണ്. ദേശീയ സീനിയര്‍ വോളിബോള്‍ കോഴിക്കോട്ട് നഗരത്തില്‍ വീണ്ടുമെത്തുമ്പോള്‍ പോയകാലത്തിന്റെ സ്മാഷുകളും സര്‍വുകളും ഓര്‍ത്തെടുക്കുകയാണ്. ഡബ്ല്യു.സി മോര്‍ഗന്‍ എന്ന അമേരിക്കക്കാരന്‍ കണ്ടുപിടിച്ചു കളിക്കളത്തില്‍ പിന്നീട് നിറഞ്ഞാടിയ വോളിബോള്‍ കളിയെക്കുറിച്ചുള്ള തന്റെ ഭൂതവും വര്‍ത്തമാവും പറയുകയാണിവിടെ പുറമേരിക്കാരനായ സുരേഷ് മാഷ്.
പതിറ്റാണ്ടുകള്‍ വോളിബോള്‍ കോര്‍ട്ടിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കളി നിര്‍ത്തിയെങ്കിലും കളിയുടെ 'കാര്യങ്ങളി'ല്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ചുള്ള സുവനീറുമായി ബന്ധപ്പെട്ട ജോലിത്തിരക്കിലാണ് സുരേഷ് മാഷ്. സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് പുറമേരി സ്വദേശിയായ ഈ റിട്ട. അധ്യാപകന്‍. വോളിബോള്‍ കളിയെ ജീവനുതുല്യം സ്‌നേഹിച്ച സുരേഷ് മാസ്റ്റര്‍ നിരവധി കളിക്കാരെ സംസ്ഥാന ടീമിലേക്ക് സംഭാവന ചെയ്ത മികച്ച പരിശീലകന്‍ കൂടിയാണ്. ജില്ലയിലെ കുറ്റ്യാടിക്കടുത്ത വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യപാഠം അധ്യാപകനായിരിക്കെ തന്നെ ഒഴിവുസമയം സ്‌കൂള്‍ മൈതാനിയില്‍ നിറഞ്ഞാടിയെ സുരേഷിനെ പലരും കായികാധ്യപകനായി കണ്ടു. എഴുപതുകളില്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് സംസ്ഥാനതല വോളിബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എതിരാളികളെ ഞെട്ടിക്കുംവിധം മിന്നല്‍പിണര്‍ പോലുള്ള സ്മാഷുകള്‍ ഉതിര്‍ക്കുന്ന സുരേഷ് കളിച്ച മിക്ക കളികളിലും അറ്റാക്കര്‍ പൊസിഷനിലാണ് മികവുതെളിയിച്ചത്.
ജാസ് പുറമേരി എന്ന സംഘടനയിലൂടെയാണ മാഷ് വോളിബോളിനെ പ്രണയിച്ചുതുടങ്ങിയത്. സംഘടന രൂപീകരിച്ചത് മുതല്‍ ഇതുവരെയായി പുറമേരി മൈതാനിയില്‍ 25 ടൂര്‍ണമെന്റുകളാണ് സംഘടിപ്പിച്ചത്. ജില്ലാ, സംസ്ഥാന, ദേശീയതല ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റുകളുടെ മുഖ്യസംഘാടകനായിരുന്നു സുരേഷ്.
വോളിബോളിന്റെ അന്നുണ്ടായിരുന്ന ജനകീയത ഇന്ന് നഷ്ടമായോ എന്ന സംശയവും മറച്ചുവച്ചില്ല. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു വേണ്ടി നിരവധി തവണ ജഴ്‌സിയണിഞ്ഞ സുരേഷ് മാഷ് അന്നുണ്ടായിരുന്ന കേരള സ്‌കൂള്‍ ടീമിനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. മാഷ് അംഗമായ വടകര വിദ്യാഭ്യാസ ജില്ലാ ടീം തുടര്‍ച്ചയായ പത്തു വര്‍ഷം ചാംപ്യന്‍ഷിപ്പും നേടിയിട്ടുണ്ട്.
കേവലം എതിരാളികളെ തോല്‍പ്പിക്കുക എന്നതിലുപരി കാണികള്‍ക്ക് നല്ല കളി കാഴ്ചവയ്ക്കുകയാണ് ചെയ്യേണ്ടതെന്നാണ് പുതിയ തലമുറയിലെ കളിക്കാരോട് സുരേഷിന് പറയാനുള്ളത്. പുറമേരി ടൗണിനടുത്തുള്ള 'ശ്രുതി'യിലാണ് താമസം. ഭാര്യ പ്രഭ പുറമേരി കെ.ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. ഡോ. അപര്‍ണ, മെഡിസിന്‍ ഫൈനല്‍ വിദ്യാര്‍ഥിനി അഞ്ജന എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."