സംസ്ഥാനത്തെ ജയിലുകളില്‍ 298 പേര്‍ ഇന്ന് സാക്ഷരതാ പരീക്ഷയെഴുതും
തിരുവനന്തപുരം: നിരക്ഷരരില്ലാത്ത ജയില്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന 'ജയില്‍ ജ്യോതി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 298 പേര്‍ ഇന്ന് സാക്ഷരതാ പരീക്ഷയെഴുതും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത്. 122 പേര്‍. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 60, വനിതാജയിലില്‍ 7, സ്‌പെഷല്‍ ജയിലില്‍ 30, ജില്ലാ ജയിലില്‍ 25 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നവരുടെ എണ്ണം. തിരുവനന്തപുരം കൂടാതെ സ്ത്രീ തടവുകാര്‍ പരീക്ഷയെഴുതുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ മൊത്തം പരീക്ഷയെഴുതുന്ന 9 പേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ജയില്‍ ജ്യോതിപദ്ധതിയുടെ ഭാഗമായി ആദ്യ സാക്ഷരതാപരീക്ഷയാണ് ഇന്ന് നടക്കുന്നത്. കോട്ടയം (13), തൃശൂര്‍ (25), പാലക്കാട് (29), മലപ്പുറം (30), കണ്ണൂര്‍ (15), കാസര്‍കോട് (33), വയനാട് (22) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ പരീക്ഷ എഴുതുന്നവരുടെ കണക്ക്.
വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനാണ് പരീക്ഷ. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒന്‍പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാന സാക്ഷരതാമിഷനും ജയില്‍ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജയില്‍ ചട്ടങ്ങളില്‍ കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വിസസ് ചട്ടം 258(7) പ്രകാരം നിരക്ഷരരായ എല്ലാ അന്തേവാസികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഇതു പ്രകാരമാണ് സംസ്ഥാനത്തെ ജയിലുകളില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല അറിയിച്ചു. 'ജയില്‍ ജ്യോതി'പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നേരത്തെ 60 പേര്‍ നാലാംതരം തുല്യതാപരീക്ഷയെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."