ചരിത്ര വഴിയായ കരിവെള്ളൂര്‍- കാവുമ്പായി റോഡ് പുനര്‍ജനിക്കുന്നു
തളിപ്പറമ്പ്: വിസ്മൃതിയിലായ ചരിത്ര വഴി കരിവെള്ളൂര്‍- കാവുമ്പായി റോഡിന് പുനര്‍ജന്‍മം. 1946 ല്‍ നടന്ന കലാപത്തെ തുടര്‍ന്ന് കരിവെള്ളൂരില്‍ നിന്നും സമാന സ്ഥിതിയുണ്ടായിരുന്ന കാവുമ്പായിലേക്ക് മദ്‌റാസ് പ്രസിഡന്‍സി നിര്‍മിച്ച 42 കിലോമീറ്റര്‍ വരുന്ന റോഡ് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വിസ്മൃതിയിലാവുകായിരുന്നു.
കരിവെള്ളൂര്‍, പരിയാരം, കുറുമാത്തൂര്‍, ചെങ്ങളായി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്ക് ശേഷം ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് പുനര്‍നിര്‍മിക്കുന്നത്. ഇതില്‍ ചെങ്ങളായി ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. തളിപ്പറമ്പ് ആലക്കോട് സ്‌റ്റേറ്റ് ഹൈവേയില്‍ നിന്നും നാടുകാണി മുതല്‍ കാലിക്കടവ് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം 93 ലക്ഷം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. ബോക്‌സ് കള്‍വര്‍ട്ട് രീതിയില്‍ ചെലവുകുറച്ച് നിര്‍മ്മിച്ച പാലവും ഈ റോഡിലുണ്ട്. സാധാരണ രീതിയിലാണെങ്കില്‍ രണ്ടര കോടിയോളം ചെലവ് വരുന്നതാണ് പാലം. കാലിക്കടവ് മുതല്‍ പാറക്കോട് വരെയുള്ള 1.250 കിലോമീറ്റര്‍ ദൂരം ഒരു കോടി രൂപ ചെലവില്‍ മെക്കാഡം ടാറിങ് നടത്തുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും. ഇവിടെ നിന്നും ചെങ്ങളായി പഞ്ചായത്തിലെ അമ്മോന്തല വരെയുള്ള ഭാഗത്തെ പ്രവൃത്തി പിന്നീട് നടക്കും.
സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മൊക്കാഡം ടാറിങ്ങ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍ പറഞ്ഞു. രേഖകളില്‍ ഉണ്ടെങ്കിലും ഫലത്തില്‍ ഇല്ലാതായ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പൂര്‍ത്തിയാവുന്നതോടെ തളിപ്പറമ്പില്‍ വരാതെ വളരെ എളുപ്പത്തില്‍ മലയോര പ്രദേശത്തുള്ളവര്‍ക്ക് കരിവെള്ളൂര്‍ ദേശീയപാതയിലെത്താനാവും.
ഇന്ന് വൈകുന്നേരം അഞ്ചിന് ചെറുകരയില്‍ നടക്കുന്ന ചടങ്ങില്‍ മെക്കാഡം ടാറിങ് പ്രവൃത്തി ജയിംസ്മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."