മോദിയുടെ പ്രസംഗം കേള്‍പ്പിക്കണമെന്ന ആവശ്യം ബംഗാള്‍ സര്‍ക്കാര്‍ തള്ളി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം സ്‌കൂളുകളിലും കോളജുകളിലും സംപ്രേക്ഷണം ചെയ്യണമെന്ന യു.ജി.സിയുടെ നിര്‍ദ്ദേശം ബംഗാള്‍ സര്‍ക്കാര്‍ തള്ളി.
ന്യൂഡല്‍ഹിയിലെ തല്‍ക്കതോറ സ്‌റ്റേഡിയത്തിലാണ് പരീക്ഷാ പേ ചര്‍ച്ച എന്ന പേരില്‍ മോദി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. ഇത് തത്സമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ സ്‌കൂളുകളിലും കോളജുകളിലും പരീക്ഷ നടക്കുന്നതിനാല്‍ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചത്.
പരീക്ഷക്ക് തയാറെടുക്കുന്നതിനിടയില്‍ പ്രസംഗം കേള്‍ക്കാന്‍ കുട്ടികളാരും തയാറല്ലെന്നും മന്ത്രി വ്യക്തമാക്കി. മോദിയുടെ പ്രസംഗം കേള്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കണമെന്ന് യു.ജി.സി നിര്‍ദ്ദേശിച്ചിരുന്നു.
പരീക്ഷയില്‍ എങ്ങനെ സമ്മദ്ദം കുറക്കാം എന്ന വിഷയത്തിലാണ് മോദി പ്രഭാഷണം നടത്തിയത്.
മോദിയുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുന്‍പ് യു.ജി.സി ആവശ്യപ്പെട്ടപ്പോഴും ബംഗാള്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിനോട് കൂടിയാലോചിക്കാതെ കേന്ദ്രസര്‍ക്കാരിന് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്.
കുട്ടികളുടെ പരീക്ഷാ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായിട്ടാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ച എന്ന പരിപാടി സംഘടിപ്പിച്ചത്.
പരീക്ഷ നിങ്ങള്‍ക്കാണെങ്കിലും അതിന്റെ സമ്മര്‍ദ്ദം മാതാപിതാക്കള്‍ക്കു കൂടിയായിരിക്കുമെന്ന കാര്യം മറക്കരുതെന്ന് ചര്‍ച്ചയില്‍ പ്രധാമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."