അവിസ്മരണീയം ഇന്ത്യ, കോഹ്‌ലി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര 5-1ന് സ്വന്തമാക്കി ഇന്ത്യ അവിസ്മരണീയ നേട്ടത്തോടെ തലയുയര്‍ത്തി നിന്നു. ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സംഘത്തിന് സാധിച്ചു. അവസാന ഏകദിനത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ചാണ് ആറ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 5-1ന് പിടിച്ചെടുത്തത്.
പരമ്പരയിലെ മൂന്നാം സെഞ്ച്വറി കണ്ടെത്തിയ നായകന്‍ വിരാട് കോഹ്‌ലിയുടെ മുന്നില്‍ നിന്ന് നയിച്ച മികവാണ് ഇന്ത്യന്‍ വിജയത്തിന് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 46.5 ഓവറില്‍ 204 റണ്‍സെന്ന സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. വിജയം തേടിയിറങ്ങിയ ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 206 റണ്‍സെടുത്താണ് വിജയിച്ചത്. കോഹ്‌ലി (പുറത്താകാതെ 129), അജിന്‍ക്യ രഹാനെ (പുറത്താകാതെ 34) എന്നിവരുടെ അവസരോചിത ബാറ്റിങാണ് ഇന്ത്യക്ക് തുണയായത്. ശിഖര്‍ ധവാന്‍ (18), രോഹിത് ശര്‍മ (15) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. പരമ്പരയില്‍ മാരക ഫോമില്‍ കളിച്ച കോഹ്‌ലി ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. കരിയറിലെ ഇന്ത്യന്‍ നായകന്റെ 35ാം ഏകദിന സെഞ്ച്വറിയാണ് സെഞ്ചൂറിയനില്‍ പിറന്നത്. വെറും 96 പന്തുകള്‍ നേരിട്ട് 19 ഫോറുകളും രണ്ട് സിക്‌സും തൂക്കിയാണ് കോഹ്‌ലി 129 റണ്‍സെടുത്തത്. രഹാനെ മൂന്ന് ഫോറടക്കമാണ് 34 റണ്‍സ് കണ്ടെത്തിയത്. ഇന്ത്യക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും എന്‍ഗിഡി സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലാദ്യമായി അവസരം ലഭിച്ച ശാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി അവസരം മുതലാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഖയ സോണ്ടോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. താരം 54 റണ്‍സെടുത്തു. ഫെലുക്വായോ (34), ഡിവില്ല്യേഴ്‌സ് (30), മാര്‍ക്രം (24), ക്ലാസന്‍ (22), മോര്‍കല്‍ (20) എന്നിവരുടേയും ചെറുത്ത് നില്‍പ്പുകളാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് മാന്യത നല്‍കിയത്. താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുമ്‌റ, ചഹല്‍ എന്നിവര്‍ രണ്ടും കുല്‍ദീപ്, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
റെക്കോര്‍ഡുകളിട്ട് വീണ്ടും കോഹ്‌ലി
വിദേശ പര്യടനത്തിനെത്തി സന്ദര്‍ശക ടീമിനായി 500 ലധികം റണ്‍സ് അടിച്ചെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കി. പരമ്പരയില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കമാണ് നായകന്റെ നേട്ടം. ഒരു പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന പെരുമയും കോഹ്‌ലി നേടി. നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടത്തില്‍ ഡിവില്ല്യേഴ്‌സിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും കോഹ്‌ലിക്ക് സാധിച്ചു. 13ാം സെഞ്ച്വറിയാണ് നായക സ്ഥാനമേറ്റ ശേഷം കോഹ്‌ലി നേടിയത്. 22 സെഞ്ച്വറിയുമായി പോണ്ടിങാണ് മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."