ഒരു ചികിത്സാ പദ്ധതിയും നിര്‍ത്തിവച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ചികിത്സാ പദ്ധതിയും നിര്‍ത്തിവച്ചിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു സഹായ പദ്ധതിയും മുടങ്ങിയിട്ടുമില്ല. ഒരു പദ്ധതിയുടെ ഫണ്ടില്‍ കുറവ് വരുന്ന മുറയ്ക്ക് മറ്റൊരു പദ്ധതിയിലൂടെ രോഗിക്ക് സേവനം ലഭ്യമാക്കുന്നുണ്ട്. സഹായ പദ്ധതികളില്‍ കോടികള്‍ കുടിശ്ശികയുള്ള സമയത്താണ് സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ കുടിശ്ശികയെല്ലാം തീര്‍ത്താണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണം. ഫെഡറല്‍ വ്യവസ്ഥിതിയില്‍ സംസ്ഥാനത്തിന്റേതായ താല്‍പര്യംകൂടി ഉള്‍ക്കൊണ്ട് ഫണ്ട് അനുവദിക്കണം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല പദ്ധതികളിലും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്. അങ്കണവാടികള്‍, ക്രഷുകള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ ഫണ്ടുകളാണ് വെട്ടിച്ചുരുക്കിയത്.
ഐ.സി.ഡി.എസിന്റെ കേന്ദ്രവിഹിതം 2017 ഡിസംബര്‍ ഒന്നു മുതല്‍ 60:40 എന്ന ആനുപാതത്തില്‍നിന്നു 25:75 ആക്കിയാണ് വെട്ടിക്കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ ക്രഷുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ക്രഷുകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് 60 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 571 ക്രഷുകളാണ് 2017 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
ശിശുമന്ദിരങ്ങളിലെ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം അടക്കം ഉള്‍ക്കൊള്ളുന്ന സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) കേന്ദ്ര വിഹിതവും 2017 ഡിസംബര്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനം വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യതയേല്‍പ്പിക്കുന്ന കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് തുണയേകുന്ന സ്വാവലംഭന്‍ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രതിസന്ധിയിലാണ്. ഈ പദ്ധതിപ്രകാരം അടയ്‌ക്കേണ്ടിയിരുന്ന ഒരുലക്ഷം ഭിന്നശേഷിക്കാരുടെ പ്രീമിയം തുകയായ 3.57 കോടി രൂപ കേരള സര്‍ക്കാര്‍ അടച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ വിഹിതം നല്‍കാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക് ഈ ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."