ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മോദി തകര്‍ത്തു: രാഹുല്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനം പോലെയുള്ള തീരുമാനങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നരേന്ദ്രമോദി തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജനങ്ങളുടെ കീശയിലെ പണം മോദി ബാങ്കില്‍ നിക്ഷേപിച്ചു. പിന്നീട് മോദിയുടെ സുഹൃത്തുക്കള്‍ വന്ന് ബാങ്കിലുള്ള ജനങ്ങളുടെ പണം എടുത്തു നാടുവിടുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ ഇന്നലെ വൈകീട്ട് നടന്ന കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എന്‍.ബിയില്‍ നിന്ന് ആയിരക്കണക്കിനു കോടി തട്ടിയെടുത്ത വജ്രവ്യാപാരി നീരവ് മോദിയുമായി തനിക്കു ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം നിഷേധിച്ച രാഹുല്‍, പ്രധാനവിഷയത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നതെന്ന് പ്രതികരിച്ചു.
ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് 360 ജാമ്യരേഖകളാണ് (എല്‍.ഒ.യു) നല്‍കിയതെന്ന് ആരോപിച്ച കോണ്‍ഗ്രസ് അതിന്റെ തെളിവുകളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇതൊരു 22,000കോടി രൂപയുടെ വലിയ കുംഭകോണമാണ്. ഉന്നതതലത്തിലുള്ള സംരക്ഷണമില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ല.
ഇടപാടുകളില്‍ നേരത്തേ തന്നെ ദുരൂഹത മണത്തിട്ടും എന്തുകൊണ്ടാണ് റിസര്‍വ് ബാങ്കും പ്രധാനമന്ത്രിയും ഇടപെടാതിരുന്നത്? എങ്ങിനെ ഒരു തട്ടിപ്പുവീരന്‍ സര്‍ക്കാര്‍ പിടിയില്‍ നിന്നു രക്ഷപ്പെട്ടതെന്നും എങ്ങിനെയാണ് ബാങ്കിങ് മേഖല ഇത്തരത്തില്‍ തകര്‍ന്നതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് നരേന്ദ്രമോദി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."