ബാങ്ക് തട്ടിപ്പ്; ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ പക്കോഡ നിര്‍മിക്കുന്നതിനുള്ള ഉപദേശത്തില്‍ മുഴുകിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പരിഹസിച്ചു.
ഭരിക്കുന്നവര്‍ ഉറങ്ങുകയാണെന്നും അതിനിടെ കള്ളന്മാര്‍ രക്ഷപ്പെടുകയാണ്. നീരവ് മോദിയോടൊപ്പം യാത്ര ചെയ്തത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി വെളിപ്പെടുത്താന്‍ മടിക്കുന്നതെന്ന് കപില്‍ സിബല്‍ ചോദിച്ചു. സാമ്പത്തിക തട്ടിപ്പ് വിവരം പ്രധാനമന്ത്രി നേരത്തെ അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതി പ്രധാനമന്ത്രിയുടെ ഓഫിസിന് 2017 ജൂലൈയില്‍ ലഭിച്ചിരുന്നു. തട്ടിപ്പ് അറിഞ്ഞിട്ടും അദ്ദേഹം നടപടി സ്വീകരിച്ചിട്ടില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.
അതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരേ ശിവസേന മുഖപത്രമായ സാമ്‌ന ആഞ്ഞടിച്ചു. നീരവ് മോദി ബി.ജെ.പിയുടെ പങ്കാളിയാണെന്ന് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ആരോപിച്ചു. സാധാരണക്കാരായ കര്‍ഷകര്‍ 100 രൂപയും 500 രൂപയും പോലുള്ള കടങ്ങള്‍ വീട്ടാന്‍ സാധിക്കാതെ ആത്മഹത്യ ചെയ്യുകയാണ്.
എന്നാല്‍ ചിലര്‍ ജനങ്ങളുടെ പണവുമായി ഒളിച്ചോടുകയാണ്. അഴിമതി നടത്തിയ ലാലു പ്രസാദ് യാദവും ഛഗന്‍ ഭുജ്ബലും ജയിലിലായി. എന്നാല്‍ ലക്ഷങ്ങളും കോടികളും കബളിപ്പിച്ച് വിജയ്മല്യയും നീരവ് മോദിയും നാടുവിടുകയാണ്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം പരിപാടി സംഘടിപ്പിച്ചത് നീരവ് മോദിയാണെന്ന് സാമ്‌ന മുഖപ്രസംഗത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."