ശുഹൈബ് വധം പിടിയിലായത് പാര്‍ട്ടിശാസന ഏറ്റുവാങ്ങിയ സൈബര്‍ പോരാളി
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ പൊലിസില്‍ കീഴടങ്ങിയ ആകാശ് തില്ലങ്കേരി പാര്‍ട്ടി ശാസന ഏറ്റുവാങ്ങിയ സൈബര്‍ പോരാളി.
കൊലയാളികളെ സഹായിച്ചുവെന്ന സൂചനയെ തുടര്‍ന്നാണ് ആകാശിനെയും സുഹൃത്ത് റിജിന്‍രാജിനെയും തേടി പൊലിസ് അന്വേഷണം തുടങ്ങിയത്. തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും ഇവര്‍ പ്രതികളാണ്. മുഴക്കുന്ന് മുടക്കോഴിമല സ്വദേശിയായ ആകാശ് പ്രാദേശിക സി.പി.എം നേതാവിന്റെ മകനാണ്. കഴിഞ്ഞ മെയില്‍ അയല്‍ജില്ലയില്‍ നിന്നെത്തിയ നവദമ്പതികളായ സുഹൃത്തിനെയും ഭാര്യയെയുംകൂട്ടി കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിനുമുന്നില്‍വച്ച് ആകാശ് സെല്‍ഫിയെടുത്തത് ഏറെ വിവാദമായിരുന്നു.
സ്മാരക സ്തൂപത്തിന്റെ കാവല്‍ക്കാരായ ടാക്‌സി ഡ്രൈവര്‍മാരും സി.ഐ.ടി.യുക്കാരും ഇതുതടഞ്ഞു. ഇതോടെ ഇവരെ സദാചാരഗുണ്ടകളെന്നു വിശേഷിപ്പിച്ച് ആകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതു വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആകാശിനെ പരസ്യമായി ശാസിച്ചിരുന്നു. ആകാശ് കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നായിരുന്നു ജയരാജന്റെ വിമര്‍ശനം.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹചടങ്ങുമായി ബന്ധപ്പെട്ടതായിരുന്നു അടുത്ത വിവാദം. ഷാഫിയുടെ വിവാഹക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആകാശ് വീണ്ടും ശാസന ഏറ്റുവാങ്ങി. സി.പി.എം സൈബര്‍പോരാളിയെന്ന ലേബലില്‍ പാര്‍ട്ടി വിമര്‍ശകര്‍ക്കെതിരേ കടുത്ത പോസ്റ്റുകളിട്ട നവസഖാക്കളിലൊരാളാണ് ആകാശ്. തില്ലങ്കേരിയിലെ വിനീഷ് വധക്കേസില്‍ പ്രതിയായതോടെ ഇരുവരുടെയും കര്‍മരംഗം തിരുവനന്തപുരത്തായി. പ്രാദേശിക നേതാക്കളുടെ മക്കളായ ആകാശും റിജിന്‍രാജുവും തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമൊന്നിച്ചുള്ള സെല്‍ഫിചിത്രങ്ങളും ഇവര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലിസ് മുടക്കോഴിമലയിലും തില്ലങ്കേരിയിലെ മറ്റിടങ്ങളിലും തിരച്ചില്‍ ശക്തമാക്കിയതോടെ ഇരുവരെയും ഗത്യന്തരമില്ലാതെ സി.പി.എം തന്നെ കീഴടങ്ങാനെത്തിക്കുകയായിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു മാലൂര്‍ പൊലിസ് സ്റ്റേഷനിലെ കീഴടങ്ങല്‍.
ശുഹൈബ് വധത്തിന് ഒത്താശ ചെയ്തുകൊടുക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇവര്‍ക്ക് കൊലയില്‍ നേരിട്ടു പങ്കില്ലെന്ന നിഗമനത്തിലാണ് പൊലിസ്. പ്രതികള്‍ക്ക് തന്റെ മകനുമായി വിദൂരബന്ധം പോലുമില്ലെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദും അറസ്റ്റിലായവര്‍ പ്രതികളല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും വ്യക്തമാക്കിയ സാഹചര്യത്തില്‍ പൊലിസ് കൂടുതല്‍ വിയര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."