ഇറാനെതിരേ ശത്രുതാപരമായ നീക്കമുണ്ടാകില്ല: സഊദി
റിയാദ്: അന്താരാഷ്ട്ര നയതന്ത്രം പൂര്‍ണമായും പിന്തുടരുന്ന രാജ്യമാണ് സഊദിയെന്നതിനാല് ഇറാനെതിരേ ശത്രുതാപരമായ നീക്കം തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. എങ്കിലും ഇറാന് നിലപാട് മാറ്റേണ്ടതുണ്ടെന്നും നിലവിലെ നയം തുടര്‍ന്നാല്‍ നടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മ്യുണിക്കില്‍ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ആദില്‍ അല്‍ ജുബൈര്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
മധ്യേഷ്യയില്‍ നിലവില്‍ സ്വീകരിക്കുന്ന നിലപാടില്‍നിന്ന് ഇറാന് പിന്മാറണം. വിവിധ രാജ്യങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. 1996ല്‍ സഊദിയിലെ ടവറുകള്‍ക്കുനേരെ ബോംബ് സ്ഫോടനം നടത്തിയതിനു പിന്നില്‍ അവരാണ്. 1979ല്‍ ഖുമൈനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്തതിനു ശേഷമാണ് മധേഷ്യയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ ഉടലെടുത്തത്. സിറിയ, യമന്‍, ഇറാഖ്, ലബനാന് തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ വഷളാക്കിയതിനു പിന്നിലും ഇറാനാണ്. ജര്‍മനി ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തിയതിനു പിന്നിലും ഇറാനാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യമനിലെ ഹൂതികളുടെ കൈയില്‍ ആയുധമെത്തുന്നതു ചൂണ്ടിക്കാട്ടി ബ്രിട്ടന്, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇറാനെതിരേ പ്രമേയം തയാറാക്കി വരുന്നതിനിടെയാണ് സഊദി മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. ഹൂതികള്‍ മേഖലയില്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ പിന്താങ്ങുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."