അറ്റുപോയ കൈ തുന്നിച്ചേര്‍ത്തു: ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം
റിയാദ്: ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അപകടത്തില്‍ അറ്റുപോയ ഏഷ്യന്‍ തൊഴിലാളിയുടെ കൈ തുന്നിച്ചേര്‍ത്തു. കിഴക്കന്‍ പ്രവിശ്യയിലെ ഖോബാര്‍ കിങ് ഫഹദ് യൂനിവേസിറ്റി ഹോസ്പിറ്റലിലെ ഒരു സംഘം ഡോക്റ്റര്‍മാരാണ് അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേര്‍ത്തത്. കൈ തുന്നിച്ചേര്‍ത്തതിന് ശേഷം ഏഷ്യന്‍ തൊഴിലാളി അപകടനില തരണം ചെയ്തു സുഖം പ്രാപിച്ച് വരികയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ കൈ മുറിഞ്ഞു തൂങ്ങിയ നിലയിലാണ് യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈ മുറിച്ചു കളയേണ്ടി വരുമെന്നായിരുന്നു ഡോക്റ്റര്‍മാരുടെ ആദ്യ നിഗമനം. ഒടുവില്‍ ഡോ: അലി അല്‍ സുഫ്‌യാന്റെ നേതൃത്വത്തില്‍ ഒരു സംഘം ദൗത്യം ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് സംഘം നേതൃത്വം നല്‍കിയത്. ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം കൈ തുന്നിപിടിപ്പിച്ചതായി ആശുപത്രി ഡയറക്റ്റര്‍ മുഹമ്മദ് ശഹ്‌റാനി അറിയിച്ചു.
അതിസൂക്ഷമമായ കൈ ഞരമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതി സങ്കീര്‍ണ്ണമായ മൈക്രോസ്‌കോപ്പിക് സര്‍ജ്ജറിയാണ് നടത്തിയത്. ഇപ്പോള്‍ കൈയ്യിലെ രക്തയോട്ടം ഏകദേശം പൂര്‍വ്വ സ്ഥിതിയിലായിട്ടുണ്ട്. കൈയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പഴയ പടിയായാകാന്‍ ഇനിയും ചെറിയ ശസ്ത്രക്രിയകള്‍ വേണ്ടി വന്നേക്കുമെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."