ഗൗരിനേഹയുടെ മരണം: വിദ്യാഭ്യാസവകുപ്പിന്റെ നടപടി ഭയന്ന് പ്രിന്‍സിപ്പലിനെ മാറ്റി
കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തതുള്പ്പെടെയുള്ള സംഭവങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്റെ നടപടി ഭയന്ന് ഒടുവില്‍ ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനെ മാനേജ്മെന്റ് പുറത്താക്കി. വൈദികനായ സില്‍വി ആന്റണിയെ പുതിയ പ്രിന്‍സിപ്പലായി നിയോഗിക്കുകയും ചെയ്തു. നിലവില്‍ ഇന്‍ഫന്റ് ജീസസ് സ്കൂള്‍ പ്രിന്‍സിപ്പലാണ് ഫാദര്‍ സില്‍വി. ട്രിനിറ്റി ലൈസിയത്തിന്റെ അധിക ചുമതലയാണ് കോര്‍പ്പറേറ്റ് മാനേജര്‍ ഇദ്ദേഹത്തിന് നല്‍കിയത്.
ഗൗരി നേഹയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപെടുന്ന സിന്ധു പോള്‍, ക്രസന്റ നെവിസ് എന്നീ അധ്യാപികമാരുടെ സസ്പന്ഷന് പിന്‍വലിച്ച് പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സ്കൂളില്‍ സ്വീകരണമൊരുക്കിയ പ്രിന്‍സിപ്പലിനും കൂട്ടാളികളായ മറ്റ് സ്റ്റാഫുകള്‍ക്കെതിരേയും നടപടി ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ സ്കൂള്‍ മാനേജ്മെന്റ് നടപടി കൈകൊള്ളുകയോ വ്യക്തമായ മറുപടി നല്‍കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് സ്കൂളിന്റെ എന്‍.ഒ.സി റദ്ദക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് സ്കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയാറായത്. എന്നാല്‍ അധ്യാപികമാരെ പൂക്കള്‍ നല്കി സ്വീകരിക്കാന്‍ പ്രിന്‍സിപ്പലിനൊപ്പം ഉണ്ടായിരുന്നവര്ക്കെതിരേ നടപടി സ്വീകരിച്ചതായി കോര്‍പ്പറേറ്റ് മാനേജര്‍ പറയുന്നുണ്ടെങ്കിലും എന്തു നടപടിയാണെന്ന് വിദ്യാഭ്യാസ വകുപ്പിനെ ഇതുവരെയും അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."