മഞ്ഞക്കുപ്പായം മോഹിച്ച് പ്രതിഭകള്‍; ചുവപ്പുകാര്‍ഡ് കാണിച്ച് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: മഞ്ഞക്കുപ്പായം മോഹിച്ചെത്തിയ പ്രതിഭകള്‍ക്ക് നേരെ മാനദണ്ഡത്തിന്റെ ചുവപ്പുകാര്‍ഡ് വീശി കേരള ബ്ലാസ്റ്റേഴ്‌സ്. ഇതര സംസ്ഥാനക്കാരോട് പെരുത്തിഷ്ടം കാട്ടിയവര്‍ മലയാളി താരങ്ങളോട് പെരുമാറിയത് കരുണയില്ലാതെ. രക്ഷിതാക്കളുടെ പ്രതിഷേധവും പൊലിസിന്റെ ഇടപെടലുമാണ് മാറ്റ് തെളിയിച്ച് മഞ്ഞക്കുപ്പായം നേടാനുള്ള കുട്ടി പ്രതിഭകളുടെ മോഹത്തിന് വഴിയൊരുക്കിയത്. കേരള ബ്ലാസ്റ്റേസിന്റെ അണ്ടര്‍ 14, 15 ടീം സെലക്ഷന്‍ ട്രയല്‍സിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന സെലക്ഷന്‍ ട്രയല്‍സാണ് സംഘര്‍ഷത്തിലെത്തിയത്. അറിയിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സെലക്ഷന്‍ ട്രയല്‍സ് നടത്തിയതും ഇതര സംസ്ഥാന താരങ്ങള്‍ക്ക് പ്രമുഖ്യം നല്‍കിയതുമാണ് കുട്ടികളുമായെത്തിയ രക്ഷിതാക്കളുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ഒടുവില്‍ പൊലിസ് ഇടപെടലിലാണ് സംഘര്‍ഷം ഒഴിവായത്.
കേരളത്തിന് പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നായി നൂറ് കണക്കിന് ജൂനിയര്‍ താരങ്ങളാണ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ എത്തിയത്. സ്‌കൂള്‍ തലത്തിലും ജില്ലാ, സംസ്ഥാന തലത്തിലും മത്സരങ്ങളില്‍ പങ്കെടുത്തവരെ മാത്രമേ ട്രയല്‍സിന് പങ്കെടുക്കാന്‍ അനുവദിക്കൂവെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വാശിപിടിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. തിങ്കളാഴ്ച നടന്ന അണ്ടര്‍ 14 വിഭാഗത്തിന്റെ ട്രയല്‍സും സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. ട്രയല്‍സില്‍ പ്രാമുഖ്യം നല്‍കിയത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുംബൈയില്‍ നിന്നുമൊക്കെ എത്തിയവര്‍ക്കായിരുന്നു. കേരളത്തില്‍ നിന്നുള്ളവരെ അവഗണിക്കുകയും ചെയ്തു. ഇന്നലെ അണ്ടര്‍ 15 ട്രയല്‍സിനിടെ ആദ്യ ദിനത്തിലെ പതിവ് തന്നെ തുടര്‍ന്നു. ഇതോടെ പ്രതിഷേധം ശക്തമായി. രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ രക്ഷിതാക്കളോട് തട്ടിക്കയറിയതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. സംഘര്‍ഷം അടിയുടെ വക്കിലെത്തുന്ന സ്ഥിതി വന്നതോടെയാണ് പൊലിസ് രംഗത്തെത്തിയത്. പൊലിസ് ഇടപെട്ട് സ്റ്റേഡിയത്തില്‍ എത്തിയ മുഴുവന്‍ കുട്ടികളെയും പിന്നീട് ട്രയല്‍സില്‍ പങ്കെടുപ്പിച്ചാണ് സംഘര്‍ഷം ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."