വിദേശ യാത്രക്കിടയില്‍ നീരവ് മോദിയെ കണ്ടാല്‍ തിരികെ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍
ഷില്ലോങ്: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദേശത്ത് നിരന്തരം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി, അവിടെയെവിടെയെങ്കിലും നീരവ് മോദിയെ കണ്ടാല്‍ രാജ്യത്തേക്ക് കൂട്ടിക്കൊണ്ടുവരണമെന്നാണ് ഇന്നലെ മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ആവശ്യപ്പെട്ടത്.
വായ്പാ തട്ടിപ്പിലൂടെ കോടികളുമായി നീരവ് മോദിക്ക് വിദേശത്തേക്ക് കടക്കാനുള്ള സഹായം നല്‍കിയത് കേന്ദ്ര സര്‍ക്കാരാണെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനത്തിനിടയില്‍ എവിടെയെങ്കിലും തട്ടിപ്പുകാരനായ മോദിയെ കണ്ടാല്‍ തിരികെയെത്തിക്കണമെന്ന ആവശ്യം രാഹുല്‍ പരിഹാസ രൂപേണ മുന്നോട്ടുവച്ചത്.
നീരവ് മോദി വിറ്റത് വജ്രമാണെങ്കില്‍ പ്രധാനമന്ത്രി മോദി വിറ്റത് സ്വപ്നങ്ങളാണ്. നീരവ് രാജ്യം വിടുന്നതുവരെ സര്‍ക്കാര്‍ ഉറക്കത്തിലായിരുന്നു. ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണവുമായാണ് നീരവ് മോദി രാജ്യം വിട്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതിനിടയില്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി മാര്‍ച്ച് 16ലേക്ക് മാറ്റി.
നീരവിനെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയാണ് സുപ്രിം കോടതി മാറ്റിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി.
ഹരജി ഇന്നലെ പരിഗണിച്ചെങ്കിലും ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ച്ചിലേക്ക് മാറ്റിയത്.
പി.എന്‍.ബി, ആര്‍.ബി.ഐ, കേന്ദ്ര ധന-നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ എതിര്‍ കക്ഷികളാക്കിയാണ് അഭിഭാഷകനായ വിനീത് ധന്‍ഡ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
എന്നാല്‍ നീരവ് മോദി ഇന്ത്യ വിട്ടതല്ലെന്നും വ്യവസായ ആവശ്യങ്ങള്‍ക്കായി പോയതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് അഗര്‍വാള്‍ പറഞ്ഞത്. നീരവ് തെറ്റൊന്നും ചെയ്തിട്ടില്ല.
ബൊഫോഴ്‌സ്, ടു-ജി, ആരുഷി കേസുകളില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെട്ടതുപോലെ ഈ കേസില്‍ നിന്ന് നീരവും രക്ഷപ്പെടുമെന്നും അഗര്‍വാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."