ഹജ്ജ്: മൂന്നുവര്‍ഷത്തിനിടെ ഉംറ നിര്‍വഹിച്ചവര്‍ അധികതുക നല്‍കണം
കൊണ്ടോട്ടി: മൂന്നുവര്‍ഷത്തിനിടെ ഉംറ ചെയ്തവരും ഒരിക്കല്‍ ഹജ്ജ് നിര്‍വഹിച്ചവരും ഈ വര്‍ഷം മുതല്‍ ഹജ്ജിനു പോകാന്‍ രണ്ടായിരം സഊദി റിയാല്‍ (36,000 രൂപ) അധികം നല്‍കണം.
ഉംറ നിര്‍വഹിച്ചവരും മെഹ്‌റമില്ലാത്ത സാഹചര്യത്തില്‍ സഹായിയായി പോകുന്ന തീര്‍ഥാടകനുമാണ് പതിവ് ഹജ്ജ് നിരക്കിനേക്കാള്‍ രണ്ടായിരം സഊദി റിയാല്‍ അധികം നല്‍കേണ്ടത്.
തുടര്‍ച്ചയായി ഉംറ തീര്‍ഥാടനം നടത്തുന്നവര്‍ക്ക് ഈ നിയമം ബാധകമാണെങ്കിലും ഹജ്ജ് തീര്‍ഥാടകര്‍ക്ക് ബാധകമായിരുന്നില്ല.
സബ്‌സിഡി എടുത്തുകളഞ്ഞതിനു പിന്നാലെയുള്ള തീരുമാനം ഹജ്ജ് തീര്‍ഥാടകര്‍ക്ക് കനത്ത തിരിച്ചടിയാകും. മുന്‍വര്‍ഷത്തേക്കാളും അരലക്ഷം രൂപയാണ് ഇതുമൂലം അധികം നല്‍കേണ്ടിവരിക. കഴിഞ്ഞവര്‍ഷം വിമാന നിരക്കിന്മേല്‍ 10,500 രൂപ സബ്‌സിഡി ലഭിച്ചിരുന്നു. രണ്ടായിരം സഊദി റിയാല്‍ അധികം നല്‍കേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല.
ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം അവസരം ലഭിച്ചവരില്‍ പകുതിയിലേറെപേരും മൂന്നുവര്‍ഷത്തിനിടെ ഉംറ തീര്‍ഥാടനം നിര്‍വഹിച്ചവരാണ്. ഉംറ തീര്‍ഥാടനത്തിന് ചെലവു കുറവായതിനാല്‍ ഹജ്ജിന് മുന്‍പ് ഉംറ നിര്‍വഹിക്കുന്നവരാണ് കൂടുതലും.
കഴിഞ്ഞ വര്‍ഷം ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 2,35,150 രൂപയും അസീസിയ്യ കാറ്റഗറിയിലുള്ളവര്‍ക്ക് 2,01,750 രൂപയുമായിരുന്നു ചെലവു വന്നിരുന്നത്. എന്നാല്‍, ഈ വര്‍ഷം വിമാനനിരക്കിലെ വര്‍ധനവും സബ്‌സിഡി ഒഴിവാക്കലും മക്കയിലെ താമസ കെട്ടിടങ്ങളുടെ നിരക്ക് വര്‍ധനവിനും പുറമെയാണ് ഉംറയുടെ പേരിലുള്ള രണ്ടായിരം സഊദി റിയാലിന്റെ അധിക വര്‍ധനവ്. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കുകീഴിലും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും ഹജ്ജിന് പോകുന്നവര്‍ക്ക് നിയമം ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."