രാജ്യസഭയിലെ 58 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന്
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ഒഴിവു വരുന്ന 58 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. 16 സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് 58 സീറ്റുകളിലേക്ക് ഒഴിവുവരുന്നത്.
ഈ സീറ്റുകളിലെ നിലവിലെ 58 അംഗങ്ങളുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കും. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളുടെ ഒഴിവു വരുന്നത്. ഇവിടെ 10 അംഗങ്ങളുടെ കാലാവധിയാണ് ഏപ്രില്‍ മാസത്തോടെ അവസാനിക്കുന്നത്. ദലിതുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം വര്‍ധിക്കുന്നുവെന്നാരോപിച്ച് ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്, ജെ.പി നദ്ദ, താവര്‍ചന്ദ് ഗെലോട്ട്, രാംദാസ് അത്താവാല എന്നിവരുടെയെല്ലാം കാലാവധി ഏപ്രില്‍ മാസത്തോടെ അവസാനിക്കും.
ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആറ് വീതവും മധ്യപ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അഞ്ച് വീതവും ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡിഷ, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് വീതവും അംഗങ്ങളാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്.
മായവതിക്കു പുറമെ കേരളത്തില്‍ നിന്ന് എം.പി വീരേന്ദ്ര കുമാറും രാജിവച്ചിരുന്നു. രാജ്യസഭയില്‍ ബി.ജെ.പിക്ക് 58ഉം കോണ്‍ഗ്രസിന് 57 ഉം അംഗങ്ങളാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."