കേരളം ഗ്രൂപ്പ് ചാംപ്യന്‍മാര്‍
കോഴിക്കോട്: കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ദേശീയ സീനിയര്‍ വോളിബോള്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക്. പഞ്ചാബിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്താണ് കേരളത്തിന്റെ പുരുഷ ടീം മുന്നേറിയതെങ്കില്‍ മഹാരാഷ്ട്രയെ കീഴടക്കിയാണ് വനിതകളുടെ കുതിപ്പ്.
പുരുഷ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ പഞ്ചാബിനെ ആത്മവിശ്വാസം കൈവിടാതെ നേരിട്ടാണ് കേരളം കീഴടക്കിയത്. സ്‌കോര്‍: 25-20, 25-20, 27-25.
ജെറോം വിനീതിന്റേയും അജിത് ലാലിന്റേയും കരുത്തുറ്റ സ്മാഷുകള്‍ക്ക് മുന്‍പില്‍ പാഞ്ചാബ് താരങ്ങള്‍ മറുപടിയില്ലാതെ വിയര്‍ത്തു.
ക്യാപ്റ്റന്‍ മുത്തു സ്വാമി ഇടക്ക് തിളങ്ങിയും ഇടയ്ക്ക് മങ്ങിയും കളിച്ചപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ അജിത് കളത്തില്‍ പുറത്തെടുത്ത മികവാണ് കളിയില്‍ നിര്‍ണായകമായത്.
ആദ്യ രണ്ട് സെറ്റുകളിലും പഞ്ചാബിനെ അധികം അധ്വാനിക്കാതെ തന്നെ കീഴ്‌പ്പെടുത്താന്‍ കേരളത്തിന് സാധിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ അടിക്ക് തിരിച്ചടിയെന്ന നിലയില്‍ പഞ്ചാബ് താരങ്ങള്‍ മുന്നേറിയതോടെ പോരാട്ടം ആവേശകരമായി. അജിത് തീര്‍ത്ത കനത്ത സ്മാഷുകളുടെ പ്രകമ്പനങ്ങള്‍ ഗാലറി ആരവത്തോടെ സ്വീകരിച്ചപ്പോള്‍ കേരളം മൂന്നാം സെറ്റ് 27-25ന് പിടിച്ചെടുത്ത് വിജയവും ഗ്രൂപ്പ് ചാംപ്യന്‍ പട്ടവും ഉറപ്പിച്ചു.
മഹാരാഷ്ട്രയ്‌ക്കെതിരേ അനായാസ വിജയമാണ് കേരളത്തിന്റെ വനികള്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 25-12, 25-19, 25-11. വനിതകളുടെ മറ്റൊരു പോരാട്ടത്തില്‍ കരുത്തരായ ഇന്ത്യന്‍ റെയില്‍വേസ് അനായാസ പോരാട്ടത്തില്‍ ആന്ധ്രാ പ്രദേശിനെ വീഴ്ത്തി. മൂന്ന് സെറ്റ് മാത്രം നീണ്ട മത്സരത്തില്‍ 25-13, 25- 11, 25-17 എന്ന സ്‌കോറിനാണ് റെയില്‍വേസിന്റെ വിജയം.
നേരത്തെ പുരുഷ വിഭാഗത്തില്‍ കരുത്തരായ റെയില്‍വേസും സര്‍വിസസും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ഇന്ത്യന്‍ റെയില്‍വേസിനൊപ്പം നിന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് പട്ടാള ടീം പരാജയം സമ്മതിച്ചത്. മലയാളി താരങ്ങളുടെ കരുത്തില്‍ ഇറങ്ങിയ സര്‍വിസസ് 25-19, 25-21, 25-19 എന്ന സ്‌കോറിനാണ് തോല്‍വി വഴങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."