അല്‍പം ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ അതിജീവിക്കാം
ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. പണ്ടൊക്കെ ഷഷ്ടിപൂര്‍ത്തിയോട് അടുക്കുമ്പോഴാണ് പ്രമേഹം പിടിമുറുക്കുന്നത്. എന്നാല്‍ ഇന്ന് പ്രായഭേദമന്യേ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതായിട്ടാണ് കാണുന്നത്. പ്രമേഹവുമൊത്തുള്ള ജീവിതം ഒരു വെല്ലുവിളിയാണ്. എന്നാല്‍ വിദഗ്ധ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കൃത്യമായ ചികില്‍സയും ചിട്ടയായ ഭക്ഷണശീലവും യോജ്യമായ ജീവിതശൈലിയുമാണെങ്കില്‍ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ നമുക്ക് സാധിക്കും
പ്രമേഹം പൂര്‍ണമായി ചികില്‍സിച്ചു മാറ്റാന്‍ കഴിയുന്ന ഒന്നല്ല, പ്രമേഹം വരാതെ നോക്കുക. ഭക്ഷണശൈലി, ദിനചര്യകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ നമ്മുടെ വരുതിയില്‍ നിര്‍ത്തുവാനാകും. ജീവിതശൈലീ രോഗങ്ങള്‍ എന്നറിയപ്പെടുന്ന രോഗങ്ങളില്‍ പ്രഥമസ്ഥാനമാണ് പ്രമേഹത്തിനുള്ളത്. നേരത്തേ കണ്ടെത്തി നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം ശരീരത്തിലെ പ്രധാന അവയവങ്ങളായ കണ്ണുകളെയും നാഡികളെയും വൃക്കകളെയും ഹൃദയത്തെയും കാര്‍ന്നു തിന്നുന്ന രോഗമാണിത്. പ്രമേഹം നിയന്ത്രിക്കേണ്ടതിന് രോഗിയും ഒപ്പം രോഗമുള്ളവരുടെ കുടുംബാംഗങ്ങളും ഏറെ ശ്രദ്ധിക്കേണ്ടതുമാണ്..
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിനു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണു പ്രമേഹം എന്നു പറയുന്നത്.
ഒരു പരിധിവരെ നമ്മുടെ ആഹാരരീതിയില്‍ വന്ന മാറ്റംമൂലം ഊര്‍ജസാന്ദ്രവും കൊഴുപ്പുകൂടിയതുമായ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിനാല്‍ കൂടുതല്‍ ഇന്‍സുലിന് ഉപയോഗിക്കേണ്ടിവരുന്നു. എന്നും ബേക്കറി വിഭവങ്ങളും മധുരപലഹാരങ്ങളും മറ്റും ഇടയ്ക്കിടെ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു നോര്‍മലാക്കുന്നതിനു വേണ്ടി ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കേണ്ടിവരുന്നു. ഇത്തരം ജീവിതരീതി തുടരുന്നവരില്‍ ഏകദേശം 50 വയസിനു മുകളില്‍ പ്രായമാകുന്നതോടെ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്റെ അളവില്‍ കുറവുണ്ടാവുകയോ അതിന്റെ ഗുണനിലവാരത്തില്‍ വ്യത്യാസമുണ്ടാവുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കില്ല. ഇതാണു നേരത്തേതന്നെ ഒരാള്‍ പ്രമേഹത്തിന് അടിപ്പെടുന്നതിനു പിന്നിലെ വസ്തുത.
കാര്‍ബോ ഹൈഡ്രേറ്റുകള്‍ കുറഞ്ഞ ആഹാരങ്ങള്‍ ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ശീലിക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമങ്ങളും മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. അവഗണിച്ചാല്‍ അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹം മനസ്സുവച്ചാല്‍ നിയന്ത്രിക്കുവാനാകും.
അമിതവിശപ്പ്, ദാഹം, അമിതമായ മൂത്രശങ്ക, അകാരണമായ ക്ഷീണം, ഭാരം കുറയുക, കാഴ്ച മങ്ങല്‍, മുറിവുകള്‍ ഉണങ്ങാനുള്ള കാലതാമസം മുതലായവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രക്തത്തില്‍ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് വര്‍ധിക്കുന്നതുമൂലം വര്‍ധിച്ച ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്ന ഒരു രോഗമാണ് പ്രമേഹം. ആഹാരത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്കെത്തിക്കുവാന്‍ ഇന്‍സുലിന്‍ സഹായിക്കുന്നു. നമുക്ക് പ്രമേഹമുണ്ടെങ്കില്‍, ശരീരം പര്യാപ്തമായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നില്ല അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ ശരീരത്തിന് കഴിയുന്നില്ല. ഇതുമൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുനില്‍ക്കുന്നു.
പ്രമേഹം ഉണ്ടെന്ന് നിശ്ചയിച്ചുകഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ കഴിക്കുന്ന ആഹാരത്തിലെ കലോറിയും ഉപ്പും കുറച്ച് ശരീരഭാരവും രക്തസമ്മര്‍ദ്ദവും യഥാക്രമം നിയന്ത്രിക്കണം. ആഹാരം കൃത്യസമയത്ത് കഴിക്കുകയും ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുകയും വേണം. ദിവസേന 45 - 60 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹരോഗികള്‍ പുകവലി, മദ്യപാനം, കൊഴുപ്പേറിയതും മധുരമുള്ളതും ഉപ്പ് കൂടുതലുള്ളതുമായ ആഹാരം പൂര്‍ണമായും ഒഴിവാക്കണം. പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകള്‍ പലതാണ്. ഡയാലിസിസിലേക്ക് അഥവാ വൃക്കകളുടെ പരാജയത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്കരോഗമാണ് അതിലൊന്ന്. പരിശോധനയിലൂടെ ഇത് നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. മറ്റൊന്ന് ഹൃദയാഘാതവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും. ഇതിനും ഇ.സി.ജി തുടങ്ങിയ പരിശോധനകള്‍ ലഭ്യമാണ്. പ്രമേഹരോഗികള്‍ക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്ധതയിലേക്ക് നയിച്ചേക്കാവുന്ന നേത്രരോഗമാണ് മറ്റൊന്ന്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹരോഗികള്‍ നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്. അല്‍പം ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ നമുക്ക് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."