ലൈംഗിക വിവാദം: രാജിക്കൊരുങ്ങി ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രി
സിഡ്‌നി: ലൈംഗിക വിവാദത്തില്‍ അകപ്പെട്ട ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാനി ജോയ്‌സ് രാജിക്കൊരുങ്ങുന്നു. മുന്‍ കീഴുദ്യോഗസ്ഥയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് രാജ്യവ്യാപകമായി വിവാദമായതോടെയാണ് ജോയ്‌സ് രാജിക്കു സന്നദ്ധത അറിയിച്ചത്.
തിങ്കളാഴ്ച പദവി രാജിവയ്ക്കുമെന്ന് ജോയ്‌സ് അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളും രാജി ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ല.
ഇതിനു പിറകെ രാജ്യവ്യാപകമായി നടന്ന അഭിപ്രായ വോട്ടെടുപ്പും എതിരായതോടെയാണ് ജോയ്‌സ് രാജിക്കു സന്നദ്ധത അറിയിച്ചത്. തനിക്കെതിരേ ഉയരുന്ന അപസ്വരങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. തന്റെ കുടുംബത്തിനും പുതിയ ജീവിതപങ്കാളിക്കും ഇതുവഴിയുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ കൂടി പരിഗണിച്ചാണു രാജിയെ കുറിച്ചു ചിന്തിച്ചതെന്ന് ബര്‍ണാബി ജോയ്‌സ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ജോയ്‌സിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ടേണ്‍ബുളും രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമീണ ആസ്‌ത്രേലിയയുടെ ശക്തനായ വക്താവായി നിലനിന്നതില്‍ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
തന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന വിക്കി കാംപ്യനുമായുള്ള അവിഹിതബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ജോയ്‌സിനെ വെട്ടിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."