ശുഹൈബ് വധം: മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പ്രതിഷേധം
തിരുവനന്തപുരം: എടയന്നൂരിലെ ശുഹൈബ് വധക്കേസില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിനുമുന്നില്‍ പ്രതിഷേധിച്ചു.
പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് അറസ്റ്റുചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ലീന,സജിത്ത്,കുന്നുകുഴി ബിജു, ആന്റണി പാലോട് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള നോര്‍ത്ത് ബ്ലോക്കിന്റെ മുന്നില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം.
നോര്‍ത്ത് ബ്ലോക്കിന് മുന്നില്‍ എത്തിയ ശേഷം യൂത്ത് കോണ്‍ഗ്രസ് കൊടികള്‍ ഉയര്‍ത്തി മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പൊലിസ് നേതാക്കളെ ഏറെനേരം നോര്‍ത്ത് ബ്ലോക്കില്‍ തടഞ്ഞുവച്ചു.
ഈ സമയത്തും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടര്‍ന്നു. കൂടുതല്‍ പൊലിസും വനിതാ പൊലിസും എത്തിയ ശേഷം ഇവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്ത് എ.ആര്‍ ക്യാംപിലേക്ക് കൊണ്ടുപോയി.
ഏറെനേരം ഇവരെ ക്യാംപില്‍ ഇരുത്തിയതോടെ പ്രതിഷേധവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ്, കെ.എസ് ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, നേതാക്കളായ ചെമ്പഴന്തി അനില്‍, കൃഷ്ണകുമാര്‍, അഭിലാഷ് ആര്‍ നായര്‍, ജയചന്ദ്രന്‍ സ്ഥലത്തെത്തി. ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ 26ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."