ഗുഹാ ടൂറിസത്തില്‍ കണ്ണുവച്ച് സഊദി അറേബ്യ
ജിദ്ദ: രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാചീനഗുഹകള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കി സഊദി ടൂറിസം വകുപ്പ്. 1999 മുതലാണ് സഊദി ജിയോളജിക്കല്‍ സര്‍വേ രാജ്യത്തെ ഗുഹകളെക്കുറിച്ചു വിശദമായ പഠനം ആരംഭിച്ചത്. വിദേശത്തുനിന്നുള്ള ഭൂഗര്‍ഭ ശാസ്ത്ര വിദഗ്ധരെ ഉപയോഗപ്പെടുത്തി ഒരു ഗവേഷകസംഘത്തിനു തന്നെ സഊദി തുടക്കമിട്ടിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ ഗുഹകളെ സംബന്ധിച്ചും പഠിക്കാന്‍ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി നാലു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്തു. ഇതില്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം മേഖലയിലെ വിദഗ്ധരാണു പങ്കെടുത്തത്. ഈമാസം നാലു മുതല്‍ ഏഴുവരെ ജിദ്ദയില്‍ വച്ചായിരുന്നു സമ്മേളനം. ഇതേതുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ഗുഹകളിലേക്കുള്ള വിനോദസഞ്ചാരത്തിന്റെ സാധ്യത കണ്ടെത്തുകയായിരുന്നു.
വിവിധ വലിപ്പത്തിലുള്ള ആയിരത്തിലധികം ഗുഹകളാണ് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയത്. ഇവയൊക്കെ ടൂറിസ്റ്റുകള്‍ക്കു പുറമെ ചരിത്ര പണ്ഡിതരെയും പര്യവേക്ഷകരെയും ആകര്‍ഷിക്കുന്നതാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഗുഹകളുടെ ചിത്രങ്ങളും വിവരണങ്ങളുമടങ്ങിയ ഭൂപടവും സഊദി ടൂറിസം അധികാരികള്‍ പുറത്തിറക്കുന്നുണ്ട്.
50 ഗുഹകളെക്കുറിച്ചു പഠനം നടത്താനായി കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓസ്ട്രിയന്‍ സംഘത്തെ ക്ഷണിച്ചിട്ടുണ്ട്. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി 250 ഗുഹകളെ പരിചയപ്പെടുത്താനാണ് ടൂറിസം കമ്മിഷന് തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഗുഹയായ ഷാഫാനും ഇതില്‍പെടും.
എട്ട് മീറ്റര്‍ ഉയരവും 800 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്. മൂന്ന് മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയുമുള്ള ജബലുന്നൂറില്‍ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹയും ഗ്രാന്‍ഡ് മസ്ജിദിനു സമീപത്തെ ഥൗര്‍ ഗുഹയുമാണ് ഇസ്ലാമിക ചരിത്രത്തിലെ അതിപ്രാധാന്യമുള്ള സഊദിയിലെ മറ്റു ഗുഹകള്‍. ഗുഹാ ടൂറിസത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."