ഭാഗമാക്കിയാല്‍ ഭാരമില്ലാതാക്കാം
കുഞ്ഞനിയനെയും തോളിലേന്തി പര്‍വതാരോഹണം നടത്തുകയായിരുന്ന പഥികനോട് എതിരേ വന്ന വഴിപോക്കന്‍ ചോദിച്ചു: ''ഈ ചുമടിന് വല്ലാത്ത ഭാരം കാണുമല്ലേ..''
അപ്പോള്‍ പഥികന്‍ പറഞ്ഞു: ''ഭാരം തോന്നാന്‍ ഇതൊരു ചുമടല്ല സുഹൃത്തേ...''
നോക്കൂ, എത്ര കാലമായി നമ്മുടെ ഉടലിനു മുകളില്‍ ഭാരമുള്ളൊരു ശിരസ് നിലയുറപ്പിച്ചുനില്‍ക്കുന്നു. എന്നെങ്കിലും ആര്‍ക്കെങ്കിലും അതൊരു ഭാരമായി തോന്നിയിട്ടുണ്ടോ...? ഇല്ല. കാരണം, ശിരസ് നമ്മില്‍നിന്നു വേറെയായി നില്‍ക്കുന്ന വസ്തുവല്ല, നമ്മുടെ തന്നെ ഭാഗമാണ്. അതേസമയം ആ ശിരസിനു മുകളില്‍ ശിരസിനോളം ഭാരം വരുന്ന വസ്തുവച്ചുനോക്കൂ, എത്ര സമയം നമുക്കതേറ്റി നടക്കാന്‍ കഴിയും...? പരമാവധി പോയാല്‍ ഏതാനും മണിക്കൂറുകള്‍. ഒരു ദിവസം പൂര്‍ണമായി ഏറ്റിനടക്കാന്‍ പ്രയാസമായിരിക്കും. കാരണം, അതു നമ്മുടെ ഭാഗമല്ല.
അമ്മയ്ക്കു തന്റെ ചോരക്കുഞ്ഞ് എന്നു പറയുന്നത് കൃഷ്ണമണി പോലെ പരിരക്ഷിക്കപ്പെടുന്ന തന്റെതന്നെ ഭാഗമാണ്. അതുകൊണ്ടാണ് കുഞ്ഞിന്റെ നന്മകളെയും തിന്മകളെയും അമ്മ വിവേചനമേതുമില്ലാതെ ഒരുപോലെ സ്വീകരിക്കുന്നത്. ആ സ്ഥാനത്ത് മറ്റൊരാളാണെങ്കില്‍ അയാളിലെ നന്മകളെ അമ്മ ഉള്‍കൊള്ളാമെങ്കിലും തിന്മകളെ വച്ചുപൊറുപ്പിക്കില്ല. അവിടെ അമ്മയ്ക്ക് അയാള്‍ താങ്ങാഭാരമായി മാറുന്നു.
ഭാഗമായതും ഭാഗമാണെന്നു തോന്നുന്നതും ഭാരമാവില്ലെന്നതാണു പരമാര്‍ഥം. നമ്മില്‍നിന്നു ഭിന്നമായി നില്‍ക്കുന്നതും ഭിന്നമാണെന്നു നമുക്കു തോന്നുന്നവയുമാണു ഭാരമായിരിക്കുക. എങ്കില്‍ ഭാരത്തെ ഭാരരഹിതമാക്കാനുള്ള മാര്‍ഗം ഭാഗമാക്കലും ഭാഗമായി കാണലുമാണെന്നു പറയാം. മറ്റുള്ളവര്‍ നമുക്കു ഭാരമാകുന്നത് അവരെ 'മറ്റുള്ളവരാക്കി' മാറ്റുമ്പോഴാണ്. അവരെ 'നമ്മളാക്കി' മാറ്റുന്നിടത്ത് അവര്‍ ഭാരമല്ല; നമ്മുടെ ഭാഗമാണ്, നമ്മള്‍ തന്നെയാണ്.
പുണ്യപ്രവാചകരുടെ പ്രചുരപ്രചരിതമായ ഒരരുളപ്പാടിപ്രകാരമാണ്: ''പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. അതിലെ ഏതെങ്കിലുമൊരു അവയവത്തിനു വല്ല അസുഖവും ബാധിച്ചാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ മുഴുവന്‍ ഉറക്കമൊഴിച്ചും പനിച്ചും അതില്‍ പങ്കുചേരും.''
ഇബ്‌നു തൈമിയയുടേതായി ഉദ്ധരിക്കപ്പെട്ടു കാണുന്ന ഒരു വാചകമുണ്ട്: ''ദൈവമാര്‍ഗത്തിലുള്ള സൗഹൃദം കൈയും കണ്ണും പോലെയാണ്. കണ്ണ് കണ്ണീരണിഞ്ഞാല്‍ കൈ അതൊപ്പിക്കൊടുക്കും. കൈക്കു വേദന വന്നാല്‍ അതിന്റെ പേരില്‍ കണ്ണ് കണ്ണീര്‍ തൂവും.''
ശരീരാവയവങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിച്ചാല്‍ ഐക്യത്തിന്റെ ഒട്ടനേകം ദൃഷ്ടാന്തങ്ങള്‍ അവിടെ കാണാന്‍ കഴിയും. ശരീരത്തിലെ അവയവങ്ങള്‍ മുഴുവന്‍ 'ഞാന്‍' 'നീ' എന്ന വിഘടനവാദപരമായ കാഴ്ചപ്പാടിലല്ല, 'നാം' എന്ന ഏകതാനബോധത്തിലാണു നിലകൊള്ളുന്നത്. കാലില്‍ മുള്ളു തറച്ചാല്‍ അതെന്റെ കാര്യമല്ലല്ലോ എന്നു ചിന്തിച്ച് കണ്ണും കാതും കൈയും കെട്ടി നോക്കിനില്‍ക്കുന്നില്ല. തറഞ്ഞ മുള്ളിനെ കണ്ടെത്താന്‍ ആദ്യമായി മുന്നോട്ടുവരുന്നതു കണ്ണാണ്. കണ്ണു കണ്ടെത്തിപ്പിടിച്ച മുള്ളിനെ പുറത്തെടുക്കുന്നതു കൈയാണ്. സമൂഹത്തില്‍ ആര്‍ക്കെങ്കിലും വല്ല അപകടവും സംഭവിച്ചാല്‍ സ്വന്തത്തിന് അപകടം സംഭവിച്ച പ്രതീതിയില്‍ അതിനെ സമീപിക്കുന്നിടത്തു സമൂഹം ഒറ്റ ശരീരമായി രൂപപ്പെടും.
ഇടതു കൈ വലതു കൈയിനെയോ വലതു കൈ ഇടതു കൈയിനെയോ അക്രമിക്കാറില്ല. ഇടത് ഇടതിന്റെ ദൗത്യം നിര്‍വഹിക്കും. വലത് വലതിന്റെ ദൗത്യവും നിര്‍വഹിക്കും. ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടിടത്ത് അവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. ഒരിക്കലും പരസ്പരം പോരടിക്കാറില്ല. സമൂഹത്തില്‍ വിവിധ പക്ഷക്കാരും ചിന്താഗതിക്കാരുമുണ്ടാകും. ഓരോരുത്തരും അവരുടെ ദൗത്യം നിര്‍വഹിക്കട്ടെ.. ഒന്നിച്ചുനില്‍ക്കേണ്ടിടത്ത് ഒന്നിച്ചുനില്‍ക്കുകയും ചെയ്യട്ടെ. 'ഞാനാണോ നീയാണോ മൂത്തത് ' എന്ന അപ്രസക്തതര്‍ക്കങ്ങള്‍ക്ക് ഇരുകൈകളും നില്‍ക്കാറില്ലാത്തപോലെ ആരും ആരെക്കാളും വലുതാവാനോ ചെറുതാവാനോ പോവേണ്ടതില്ല. അവനവന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു മുന്നോട്ടുപോയാല്‍ മതി.
മുന്നോട്ടുപോകുമ്പോള്‍ ഒരിക്കല്‍ വലതുകാല്‍ മുന്നിലെത്തും. ഇടതുകാല്‍ അപ്പോള്‍ പിന്നിലാകും. തൊട്ടുശേഷം ഇടതുകാല്‍ മുന്നിലെത്തും. വലതുകാല്‍ അപ്പോള്‍ പിന്നിലുമാകും. മുന്നിലെത്തുമ്പോള്‍ ഒരുകാലും അഹങ്കരിക്കുന്നില്ല. പിന്നിലാകുമ്പോള്‍ പിന്നിലായതിന്റെ അസ്വസ്ഥതയും അവയ്ക്ക് ഉണ്ടാകുന്നില്ല.
മുന്നില്‍ നില്‍ക്കുന്ന കാലാണ് പിന്നില്‍ നില്‍ക്കുന്ന കാലിനെ മുന്നിലെത്താന്‍ സഹായിക്കുന്നത്. പിന്നിലെ കാല്‍ മുന്നിലെത്തിയാല്‍ തന്നെ മുന്നിലാക്കിയ പിന്നിലെ കാലിനെ മുന്നിലെത്തിക്കാന്‍ അതും സഹായം ചെയ്യുന്നു. ഇങ്ങനെ കൊണ്ടും കൊടുത്തും ഒരുമയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ശരീരത്തിനു സുഗമമായി മുന്നോട്ടുപോകാന്‍ കഴിയുന്നു. സമൂഹത്തില്‍ ആരെങ്കിലും മുന്നിലെത്തിയാല്‍ മുന്നിലെത്തിയവര്‍ക്ക് അഹങ്കാരം തോന്നരുത്. പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് അസൂയയും തോന്നരുത്. അഹങ്കാരവും അസൂയയും പകയും വിദ്വേഷവുമെല്ലാം 'ഞാന്‍', 'നീ' എന്ന ദ്വൈത ചിന്താഗതിയുടെ അനിവാര്യമായ പ്രത്യാഘാതങ്ങളാണ്.
സ്വന്തം ശരീരത്തെ ബുദ്ധിക്കു വെളിവുള്ള ആരും കൊല്ലാറില്ല. മറ്റുള്ളവനെ കൊല്ലുന്നത് സ്വന്തത്തെ കൊല്ലലാണെന്ന കാഴ്ചപ്പാടിലേക്കാണു മനുഷ്യരാശി വളര്‍ച്ച പ്രാപിക്കേണ്ടത്. സമൂഹത്തെയാകമാനം സ്വശരീരാവയവങ്ങളെ പോലെ കാണുക.
'നമ്മള്‍' എന്നു പറയുമ്പോള്‍ ചുണ്ടുകള്‍ രണ്ടിനെയും ശ്രദ്ധിച്ചുനോക്കൂ. ഓടിവന്ന് ആലിംഗനം ചെയ്തു പിരിയുന്ന രണ്ടു സുഹൃത്തുക്കളെപ്പോലെ തോന്നുന്നില്ലേ. അതു 'ഞാന്‍' എന്നു പറയുമ്പോഴും 'നീ' എന്നു പറയുമ്പോഴും സംഭവിക്കില്ല. ചുണ്ടുകള്‍ രണ്ടും രണ്ടായിത്തന്നെയാണു നിലകൊള്ളുക. 'ഞാനും' 'നീയും' പോയി 'നമ്മള്‍' വരുമ്പോള്‍ അതിനെന്തൊരു ചന്തം..!
'ഞാന്‍' ഉണ്ടാകുമ്പോഴാണ് 'നീ' എനിക്കു ഭാരമാവുന്നത്. 'ഞാന്‍' ഇല്ലാതായി 'നാം' ജനിക്കുമ്പോള്‍ പിന്നെ എവിടെ ഭാരം...? ശരീരത്തിലെ ഒരവയവവും മറ്റ് അവയവങ്ങള്‍ക്കു ഭാരമല്ല. കാരണം, എല്ലാം മറ്റേതിന്റെ ഭാഗമാണ്. അതുപോലെ 'നാം' ഉണ്ടാകുമ്പോള്‍ ആരും മറ്റൊരാള്‍ക്കു ഭാരമല്ല. എല്ലാവരും പരസ്പരം ഭാഗങ്ങളാണ്. സ്വന്തം വിഭാഗക്കാരാണെങ്കില്‍ നിലപാടുകളില്‍ മയം വരുന്നതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മനഃശാസ്ത്രം അതാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."