കവിയരങ്ങ്
ഒരു കവിതയുണ്ടൊന്നു
വായിക്കണം!
ഓരോ വരികള്‍ക്കിടയിലും
ജാതിയുണ്ടോന്നു നോക്കണം!
മതമേതെന്നു നോക്കണം!
വൃത്തമില്ലെങ്കിലും
വല്ലജാതിവൃത്തത്തിനടുത്തും
വരുമോന്നു നോക്കണം!
ദൈവത്തിന്റെ, പ്രവാചകന്റെ
പേരുണ്ടോന്നു നോക്കണം!
ജാതിമാറുന്നുണ്ടോന്നു നോക്കണം!
പ്രണയമാണെങ്കില്‍ ഏകമതസ്ഥരാണോന്നറിയണം!
വരികള്‍ തമ്മിലുള്ള
അകലത്തിനിടയില്‍
അമ്പലമോ പള്ളിയോ
ഉണ്ടോന്നറിയണം!
സൗഹൃദക്കവിതയെങ്കില്‍
ഹിന്ദുമുസല്‍മാനാണെങ്കില്‍
എതിര്‍ക്കണം!
വര്‍ഗീയമെന്നു മുദ്രകുത്തണം!
നാവരിയുമെന്നു പ്രതിജ്ഞയെടുക്കണം!
വിവാദമാക്കണം!
ഇല്ലാത്തയര്‍ഥങ്ങള്‍
കല്‍പിച്ചുനല്‍കണം!
അതൊരുജാതിക്കവിതയാക്കണം!
നിരോധിക്കാന്‍ കല്‍പനയിടണം!
നവമാധ്യമങ്ങള്‍ക്കായി
ട്രോളുകള്‍ പടയ്ക്കണം!
നാലാള്‍ കൂടുന്നിടത്തു
ചര്‍ച്ചയാക്കണം.!
കവിക്കു ഭ്രഷ്ഠ് കല്‍പിക്കണം!
നമുക്കൊരു
അവാര്‍ഡ് കൊടുക്കണം!
പിന്നെയടുത്ത കഥവരുംവരെ
കാത്തിരിക്കണം,
സിനിമയും.
വരികള്‍ക്കിടയില്‍
ജാതിതിരിഞ്ഞൊരു
കോമരമാകണം!
പിന്നേയും പിന്നേയും
കണ്ണുകള്‍ തുറന്നു കാത്തിരിക്കണം!
കവിയരങ്ങു
നടത്തണമവന്റെ നെഞ്ചിലായി
ഹൃദയമില്ലാത്തവര്‍ നമ്മള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."