കോണ്‍ഗ്രസുമായി ധാരണയില്ലാതെ ബി.ജെ.പിയെ തോല്‍പ്പിക്കും: യെച്ചൂരി
തൃശൂര്‍: കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാതെ തന്നെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി ധാരണയില്ലാതെ തന്നെ തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കുകയെന്ന അടവുനയമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക. നരേന്ദ്രമോദിയുടെ ഭരണത്തില്‍ നേട്ടമുണ്ടായത് സമ്പന്നര്‍ക്കു മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തു തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണത്തിനു ബി.ജെ.പി ശ്രമിക്കുന്നു. ആര് എന്തു കഴിക്കണമെന്നും ആരെ പ്രണയിക്കണമെന്നുമൊക്കെ അവര്‍ തീരുമാനിക്കുന്നു. അവര്‍ ദലിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുന്നു.
നീതിന്യായ വ്യവസ്ഥയെപ്പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. മോദി ഭരണത്തില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ മാത്രമല്ല ഭരണഘടന തന്നെ ആക്രമിക്കപ്പെടുന്നു. മോദി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യത്തെ സാധാരണക്കാരുടെ ആവശ്യമാണ്.
ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ കേരളത്തിനു സാധിക്കും. നവോത്ഥാന നായകരുടെ പ്രവര്‍ത്തനത്തിലൂടെ ജാതീയതയും വര്‍ഗീയതയും തകര്‍ത്ത പാരമ്പര്യമുള്ള നാടാണ് കേരളം.രാഷ്ട്രീയ അക്രമം സി.പി.എമ്മിന്റെ നയമല്ല. അക്കാര്യത്തില്‍ അപഭ്രംശമുണ്ടായാല്‍ പാര്‍ട്ടി അതു പരിശോധിച്ച് നടപടി സ്വീകരിക്കും.
അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകരെ ആരെങ്കിലും ആക്രമിച്ചാല്‍ പ്രതിരോധിക്കുകയും ചെയ്യും. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പ്രതിരോധിക്കാനുള്ള ശക്തി സി.പി.എമ്മിന് ഉള്ളതുകൊണ്ടാണ് പാര്‍ട്ടി അക്രമം നടത്തുന്നുവെന്ന രീതിയിലുള്ള പ്രചാരണം നടക്കുന്നത്. ഇത്തരം പ്രചാരണങ്ങളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാനാവില്ല.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാണ് പാര്‍ട്ടിയുടെ കരുത്ത്. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് അറിയില്ല. മാധ്യമങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങളുണ്ട്. എന്നാല്‍, വാര്‍ത്തകള്‍ വളച്ചൊടിച്ചല്ല ജനങ്ങളില്‍ എത്തിക്കേണ്ടതെന്ന് മാധ്യമങ്ങള്‍ ഓര്‍ക്കണമെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."