ചെങ്ങന്നൂര്‍ കൊലപാതകം; ജോയി വി.ജോണിന്റെ വലതുകൈ കൂടി കണ്ടെത്തി
ആലപ്പുഴ: മകന്‍ വെടിവച്ച് കൊലപ്പെടുത്തിയ പ്രവാസി മലയാളി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി.ജോണിന്റെ (68) വലതുകൈ കൂടി കണ്ടെത്തി. മാന്നാര്‍ പാവ്മുക്കില്‍ പമ്പയാറ്റില്‍നിന്നാണ് കൈ ലഭിച്ചത്. ഇനി ഒരു കാല്‍കൂടിയാണ് കിട്ടാനുള്ളത്. ഇതിനുള്ള തെരച്ചില്‍ പൊലിസ് തുടരുകയാണ്.
നേരത്തെ ഇടതുകൈ ആറാട്ടുപുഴയില്‍നിന്നും വലതുകാല്‍ തിങ്കളാഴ്ച വൈകിട്ട് പുളിങ്കുന്നില്‍നിന്നും ലഭിച്ചിരുന്നു. ചങ്ങനാശേരി പേരൂരിലെ മാലിന്യകൂമ്പാരത്തില്‍നിന്നാണ് തല ലഭിച്ചത്. ചിങ്ങവനം ടെസില്‍ കമ്പനിക്ക് മുന്നിലെ വഴിയോരത്ത്‌നിന്നാണ് ഉടല്‍ ഭാഗം കിട്ടിയത്. പമ്പയാറ്റിലെ പാണ്ടനാട് ഇടക്കടവില്‍നിന്ന് ഞായറാഴ്ചയാണ് ഇടതുകൈ ലഭിച്ചത്. ജോയിയുടെ പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി.
തലയില്‍ നിന്നും നാല് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന ശരീര ഭാഗങ്ങള്‍ ആദ്യം എക്‌സറെ നടത്തി. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ശരീര ഭാഗങ്ങള്‍ ജോയിയുടേത് തന്നെയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. ഫോറന്‍സിക് സര്‍ജന്‍ ഡോ. കൃഷ്ണന്റെ നേതൃത്വത്തില്‍ 11.30ന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നാല് മണിയോടെയാണ് സമാപിച്ചത്. ശരീരഭാഗങ്ങളുടെ സാമ്പിളുകള്‍ ശാസ്ത്രീയ സ്ഥിരീകരണത്തിനായി ഡി.എന്‍.എ പരിശോധനക്ക് അയക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഇന്ന് ചെങ്ങന്നൂര്‍ ബഥേല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."