ജുനൈദ് വധം: അന്വേഷണം ഏറ്റെടുക്കില്ലെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: ഹാഫിസ് ജുനൈദിനെ ട്രെയിനില്‍ വച്ച് കൊലപ്പെടുത്തിയ കേസ് ഏറ്റെടുക്കില്ലെന്ന നിലപാട് സി.ബി.ഐ ആവര്‍ത്തിച്ചു.
നിലവില്‍ കേസന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്നും അന്വേഷണം നല്ല നിലയില്‍ അവസാനിപ്പിക്കാന്‍ ഹരിയാന പൊലിസിനു ശേഷിയുണ്ടെന്നും സി.ബി.ഐ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ അറിയിച്ചു.
കേസ് സി.ബി.ഐക്കു വിടാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ ഹൈക്കോടതിയിലുള്ളത്. സിംഗിള്‍ ബെഞ്ച് വിധി ചോദ്യംചെയ്ത് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് സി.ബി.ഐയോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ അറിയിച്ചത്.
കേസിന്റെ വിചാരണ നടക്കുന്ന ഫരീദാബാദ് കോടതിയില്‍ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ നിര്‍ണായക ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തില്‍ കേസ് തുടര്‍ന്നും സംസ്ഥാന പൊലിസ് തന്നെ കൈകാര്യം ചെയ്യട്ടെയെന്നും സി.ബി.ഐ അഭിഭാഷകന് സുമീത് ഗോയല്‍ കോടതിയില്‍ വാദിച്ചു.
നരേഷ്കുമാര്‍, രമേശ് കുമാര്‍, രമേശ്വര്ദാസ്, പ്രദീപ്കുമാര്‍, ചന്ദ്രര് പ്രകാശ്, ഗൗരവ് ശര്‍മ എന്നിവരാണ് കേസിലെ പ്രതികള്‍. 15 സാക്ഷികളെയും പ്രോസികൂഷന് വിസ്തരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."